കഴിഞ്ഞ ദിവസം അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാറിന്റെ മൊഴി, നേരത്തെ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കൂടുതല്‍ കുരുക്കായി. താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണ് വിജയകുമാര്‍ എസ്‌ഐടിയോട് പറഞ്ഞത്. സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്റ് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടുവെന്നും പ്രശ്‌നമുണ്ടാകുമെന്ന് അറിഞ്ഞില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
സമ്മര്‍ദം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നും മൊഴിയില്‍ പറയുന്നു. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. എല്ലാം പത്മകുമാര്‍ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളില്‍ ഒപ്പിട്ടത്. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
advertisement
പത്മകുമാറും വിജയകുമാറും അറസ്റ്റിലായ സാഹചര്യത്തില്‍ എസ്‌ഐടിയുടെ അടുത്ത ലക്ഷ്യം കെ പി ശങ്കർദാസിലേക്ക് എന്നാണ് വ്യക്തമാവുന്നത്. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ചോദ്യം ചെയ്യലിന് അവധി ആവശ്യപ്പെടുന്ന ശങ്കർദാസിന്റെ നീക്കം എസ്‌ഐടി പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ജനുവരി 12 വരെ വിജയകുമാറിനെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും വിജയകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി നാളെ പരിഗണിക്കും.
