കഴിഞ്ഞ ദിവസങ്ങളിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശിലേക്കും അന്വേഷണം നീളുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ തന്നെ രാഷ്ട്രീയ ആയുധമാക്കി സിപിഎം രംഗത്തെത്തിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിൽ രണ്ട് വട്ടം സന്ദർശനം നടത്തിയതായാണ് വിവരം. ഇതിൽ ഒരു തവണ അടൂർ പ്രകാശും മറ്റൊരു തവണ ആന്റോ ആന്റണി എംപിയുമാണ് ഒപ്പമുണ്ടായിരുന്നത്. തന്റെ മണ്ഡലത്തിലെ വോട്ടറായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് എടുത്തപ്പോൾ തന്നെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് അടൂർ പ്രകാശിന്റെ വിശദീകരണം. എന്നാൽ അപ്പോയിന്റ്മെന്റ് ലഭിക്കാൻ പ്രയാസമുള്ള സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത്ര വേഗത്തിൽ എങ്ങനെ സാധിച്ചു എന്നത് അന്വേഷണസംഘം ഗൗരവത്തോടെയാണ് കാണുന്നത്.
advertisement
ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെയുള്ള പരിചയം മാത്രമേയുള്ളൂവെന്നും തന്റെ മണ്ഡലത്തിൽ താമസിക്കുന്ന വ്യക്തി എന്ന നിലയിലാണ് ബന്ധമെന്നുമാണ് അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
