ശബരിമല ക്ഷേത്രത്തിൽ നിന്ന് പ്രാഥമിക കണ്ടെത്തലുകളേക്കാൾ കൂടുതൽ സ്വർണ്ണം മോഷണം പോയിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തൽ.പ്രഭാമണ്ഡലത്തിലെയും കട്ടിളപ്പടിക്കു മുകളിലുള്ള വ്യാളി, ശിവ രൂപങ്ങളിലെ ഏഴു പാളികളില്‍നിന്നുള്ള സ്വര്‍ണവും കവര്‍ന്നിട്ടുണ്ടെന്ന് എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
advertisement
ഒൻപതാം പ്രതിയായ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് രാസ മിശ്രിതം ഉപയോഗിച്ചാണ് സ്വർണ്ണം വേർതിരിച്ചെടുത്തത്. ഈ സ്വർണം അദ്ദേഹത്തിന്റെയും കർണാടകയിലെ റോഡാം ജ്വല്ലേഴ്‌സിലെ ഗോവർദ്ധൻ റോഡാമിന്റെയും കൈവശമാണുള്ളതെന്നും എസ്ഐടി കണ്ടെത്തി.ഇതില്‍നിന്ന് 109.243 ഗ്രാം സ്വര്‍ണം പങ്കജ് ഭണ്ഡാരി ഒക്‌ടോബര്‍ 15നും 474.960 ഗ്രാം സ്വര്‍ണം ഗോവര്ധന് ഒക്‌ടോബര്‍ 24നും ഹാജരാക്കിയിട്ടുണ്ട്.
എന്നാൽ ഇതിൽ കൂടുതൽ സ്വർണം ഏഴു പാളികളിലും ദ്വാരപാലകശില്‍പങ്ങളിലും കട്ടിളയിലും തൂണുകളിലും ഉണ്ടായിരുന്നെന്നും സ്വർണക്കവർച്ചയെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവർദ്ധൻ എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും ഇതിനായി ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നുമായിരുന്നു എസ്ഐടി വിജിലൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞത്.
നവംബർ 26ന് ശബരിമല മുൻ എക്സിക്യൂട്ടീവ് പ്രസിഡൻ്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ.പത്മകുമാറിനെ കേസുമായി ബന്ധപ്പെട്ട് എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു.
