ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു. വാസുവിന്റെ മൊഴി രേഖപ്പെടുത്തി. വാസുവിന്റെ പിഎ സുധീഷ് കുമാറിനെ നേരത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാസുവിനെയും ചോദ്യം ചെയ്തത്. എസ്പി ശശിധരനാണ് വാസുവിനെ ചോദ്യം ചെയ്തത്.
advertisement
ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും പണി പൂർത്തിയാക്കിയ ശേഷം ബാക്കിയായ സ്വർണം സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് കേസിലെ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് 2019 ഡിസംബർ 9ന് ഇമെയിൽ അയച്ചിരുന്നു എന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അനുമതി തേടിയല്ല ഉപദേശം തേടിയാണ് ഇമെയിൽ വന്നതെന്നായിരുന്നു വാസുവിന്റെ വിശദീകരണം.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വന്തം സ്വർണം ഉപയോഗിച്ച് ദ്വാരപാലകശിൽപങ്ങളിൽ പൂശാനാണ് ബോർഡുമായുള്ള കരാർ. അതിന്റെ ബാക്കിയുമായി ബന്ധപ്പെട്ടാണ് മെയിലിൽ പറഞ്ഞതെന്നാണ് കരുതിയതെന്നും ഇമെയിൽ പ്രിന്റെടുത്ത് അതിനു മുകളിൽ ‘തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെയും അഭിപ്രായം വാങ്ങുക’ എന്ന് എഴുതി നൽകിയതല്ലാതെ പിന്നീട് എന്തു സംഭവിച്ചെന്ന് അന്വേഷിച്ചില്ലെന്നു വാസു മുമ്പ് വിശദമാക്കിയിരുന്നു.
അതേസമയം സ്വർണം കവർച്ച ചെയ്ത കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം റാന്നി കോടതിയെ സമീപിക്കും. നിലവിൽ റിമാന്റിലാണ് ഉണ്ണികൃഷ്ണൻ പോറ്റി.
