എല്ലാവർക്കും തുല്യ അവകാശം എന്നത് വളരെ പ്രധാനപ്പെട്ട അവകാശമാണെന്ന് ദേവസ്വം ബോർഡ് നിലപാടെടുത്തു. തുല്യത ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ആർത്തവമാണ് മനുഷ്യകുലത്തിന്‍റെ നിലനിൽപ്പിന്‍റെ അടിസ്ഥാനം. ആർത്തവത്തിന്‍റെ പേരിൽ യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കാനാകില്ല. ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങൾ ഉൾകൊണ്ടേ മതിയാകൂ എന്നും ദേവസ്വം ബോർഡ് വാദിച്ചു. അയ്യപ്പ വിശ്വാസികൾ പ്രത്യേക വിഭാഗം അല്ല എന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ആചാരങ്ങളും ഭരണഘടനയ്ക്ക് അനുസൃതം ആയിരിക്കണം. കാലം മാറുന്നതിന് അനുസരിച്ച് എല്ലാ മേഖലകളിലും പരിഷ്കരണം ആവശ്യം ആണ്. വനിതകൾക്ക് എല്ലാ മേഖലകളിലും അവസരം ഉണ്ടാകണം. സുപ്രീംകോടതി പുനഃപരിശോധിക്കേണ്ടതില്ലെന്നും നാല് റിട്ട് പെറ്റീഷനുകളും തള്ളണമെന്നും ബോർഡ‍് ആവശ്യപ്പെട്ടു. കൂടുതൽ ആൾക്കാരെ ഉൾക്കൊള്ളിക്കേണ്ട സമയമാണ്. സമൂഹം മുന്നോട്ടാണ് പോകേണ്ടത്. ജൈവശാസ്‌ത്ര പരമായ കാരണങ്ങളാൽ സ്ത്രീകളെ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ആകില്ലെന്നും അഭിഭാഷകൻ ബോർഡിന് വേണ്ടി കോടതിയിൽ നിലപാട് വ്യക്തമാക്കി.
advertisement
