സംസ്ഥാനത്താകെ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലായ വേളയിലാണ് സമസ്തയുടെ നിർദേശം. ‘ഫുട്ബോൾ ജ്വരം’ എന്ന പേരിൽ ആർഭാടങ്ങളിലും അനിയന്ത്രിതമായ ആഘോഷങ്ങളിലും ഏർപ്പെടരുതെന്ന് വിശ്വാസികളോട് അഭ്യർഥിക്കണമെന്ന് ഖത്തീബുമാരോട് സംഘടന നിർദേശിച്ചു.
വ്യാഴാഴ്ച ഖത്തീബുമാർക്ക് അയച്ച സന്ദേശത്തിൽ, മുസ്ലീങ്ങൾക്ക് ഫുട്ബോൾ നിരോധിത കായിക ഇനമല്ലെങ്കിലും മതം അനുശാസിക്കുന്ന ചില പരിധികളുണ്ടെന്ന് കമ്മിറ്റി ഓർമിപ്പിച്ചു. “ഫുട്ബോൾ ഒരു ലഹരിയാകരുത്. ചില കളികളും കളിക്കാരും നമ്മെ സ്വാധീനിക്കുന്നു, എന്നാൽ ഈ സ്വാധീനങ്ങൾ ഒരുതരം ലഹരിയായി മാറാതിരിക്കാൻ നാം ശ്രദ്ധിക്കണം. നമ്മുടെ ഉത്തരവാദിത്തങ്ങൾ മറക്കാൻ പ്രേരിപ്പിക്കുന്ന എന്തും ഒരു ലഹരിയാണ്, ”- സമസ്ത പറയുന്നു. കളിയുടെ പേരിൽ മുസ്ലീങ്ങൾ ജമാഅത്ത് നമസ്കാരം ഒഴിവാക്കരുതെന്നും സമസ്ത ഓർമ്മിപ്പിച്ചു.
advertisement
വീരാരാധനയിൽ നിന്ന് വിട്ടുനിൽക്കാൻ ആഹ്വാനം
“ഇന്ത്യയിൽ രാത്രികാലങ്ങളിലാണ് പല ഫുട്ബോൾ മത്സരങ്ങളും നടക്കുന്നത്. രാത്രിയിൽ മത്സരങ്ങൾ കാണുന്നവർ ജമാഅത്ത് നമസ്‌കാരം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം,” സന്ദേശത്തിൽ പറയുന്നു. ഫുട്ബോൾ പ്രേമികൾക്ക് ഒരു പ്രത്യേക കളിക്കാരനോട് താൽപര്യം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ഖുത്ബ കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. എന്നാൽ താൽപ്പര്യം ആരാധനയുടെ തലത്തിലേക്ക് വളരാനും അടിമകളോ ആരാധകരോ ആകുന്ന തലത്തിലേക്ക് മാറാനും അനുവദിക്കരുത്- അദ്ദേഹം പറഞ്ഞു.
Also Read- റിച്ചാലിസണ് ഡബിൾ; സെർബിയയെ രണ്ട് ഗോളിന് വീഴ്ത്തി ബ്രസീൽ
സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും, പ്രത്യേകിച്ച് മലബാറിൽ ഫുട്‌ബോൾ താരങ്ങളുടെ കട്ട് ഔട്ടുകളും ഫ്ലെക്‌സ് ബോർഡുകളും വെച്ച് ആഘോഷിക്കുന്നതിനെ പരാമർശിച്ചുകൊണ്ട് കൂടത്തായി പറഞ്ഞത് ഇങ്ങനെ- ”ഈ വളർച്ച കളിയോടുള്ള സ്‌നേഹമായി കണക്കാക്കാനാവില്ല. ഇത് വീരാരാധനയുടെ ഒരു ആവിഷ്കാരം മാത്രമാണ്, അത് അപകടകരമാണ്. നാം അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ, വീരാരാധന ശിർക്കിലേക്ക് (ബഹുദൈവാരാധന) നയിച്ചേക്കാം,” അദ്ദേഹം പറഞ്ഞു.
Also Read- ലോകകപ്പിൽ ചരിത്രം കുറിച്ച് റൊണാൾഡോ; പോർച്ചുഗലിന് വിജയത്തുടക്കം
ഒരു വ്യക്തിയോടോ രാജ്യത്തോടോ ഉള്ള അടുപ്പം വളർത്തിയെടുക്കാതെ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് ആളുകൾ മത്സരങ്ങൾ കാണേണ്ടതെന്നും കൂടത്തായി പറഞ്ഞു. “ഇന്ത്യയിലെ ആദ്യത്തെ കൊളോണിയൽ ആക്രമണകാരിയായ പോർച്ചുഗൽ പോലുള്ള രാജ്യങ്ങളുടെ അല്ലെങ്കിൽ ഇസ്ലാമിനോട് ശത്രുത പുലർത്തുന്ന രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്നത് നിരുത്സാഹപ്പെടുത്തണം,” അദ്ദേഹം പറഞ്ഞു. അനിയന്ത്രിതമായ സ്പോർട്സിലും കളികളിലും മുഴുകുകയോ ജീവിതം ഒരുതരം വിനോദമാക്കുകയോ ചെയ്യുന്നതിനെ ഇസ്ലാം വിലക്കുന്നുവെന്ന് കൂടത്തായി പറഞ്ഞു.