ജയിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെയോ കെ സുരേന്ദ്രനെയോ മത്സരിപ്പിക്കണമായിരുന്നു. അക്കാര്യം താന്‍ നേരത്തെ പറഞ്ഞതാണ്. സ്ഥിരമായി തോല്‍ക്കുന്ന ഒരു സ്ഥാനാർത്ഥിയാണ് കൃഷ്ണകുമാര്‍. ബിജെപിക്ക് ജയിച്ചുകയറാന്‍ കഴിയുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. പക്ഷെ, അത് കുറെക്കൂടെ അനായാസകരമാക്കാന്‍ മറ്റ് സ്ഥാനാർത്ഥികള്‍ക്ക് കഴിയുമായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.
കാര്യങ്ങള്‍ മനസ്സിലാക്കി സന്ദീപ് തിരിച്ചുവരണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകണമെന്നുമാണ് നേരത്തെ കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അത് സൂചിപ്പിക്കുന്നത് താന്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്ത ആളാണെന്നും താന്‍ ഉന്നയിച്ചതൊന്നും പ്രശ്‌നമേ അല്ലെന്നുമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ആദ്യം പ്രശ്‌നങ്ങളുണ്ടെന്ന് അംഗീകരിക്കണം.
advertisement
തിരഞ്ഞെടുപ്പ് കാലത്തല്ല ഇതൊന്നും പറയേണ്ടതെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. ഇത് ആദ്യം അദ്ദേഹം പറയേണ്ടത് അദ്ദേഹത്തിന്റെ സന്തതസഹചാരിയായ കോഴിക്കോട്ടെ ബിജെപി നേതാവ് പി രഘുനാഥിനോടാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മുന്നില്‍വെച്ചാണ് അദ്ദേഹം അധിക്ഷേപിച്ചത്. എന്നിട്ടും പ്രശ്‌നമൊന്നുമില്ലെന്നാണ് പറയുന്നതെങ്കില്‍ ഇങ്ങനെ ആത്മാഭിമാനം പണയംവെച്ച് തിരിച്ചുവരാനില്ല എന്നാണ് നിലപാടെന്നും സന്ദീപ് പറഞ്ഞു.