നേരത്തെ അധ്യാപകനെ സർവീസിൽ നിന്ന് നീക്കാൻ സ്കൂൾ മാനേജർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിര നിർദ്ദേശം നൽകിയിരുന്നു.
'പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ സേവനത്തിൽ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്കൂൾ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചു.'- മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പാലത്തായി പീഡനക്കേസ്. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു.
advertisement
പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ നായര്‍ കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ മാതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ എഡിജിപി ഇ ജെ ജയരാജന്‍, ഡിവൈഎസ്പി രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മെയ് മാസം പോക്സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിലാണ് തലശ്ശേരി പോക്സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കേസിൽ പത്മരാജൻ കുറ്റക്കാരനാണെെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ആഴ്ചയാണ് കേസിൽ ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ഇതിനു പുറമെ, പോക്സോ കേസ് പ്രകാരം രണ്ടുവകുപ്പുകളിലായി 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചിട്ടുണ്ട്. ആകെ രണ്ട് ലക്ഷം രൂപ പിഴയായി പ്രതി അടയ്ക്കണമന്ന് കോടതി അറിയിച്ചിരുന്നു.
