തന്റെ രാഷ്ട്രീയ ജീവിതത്തിൽ ജയിൽവാസം പുതിയ കാര്യമല്ലെന്ന് എ.കെ. ബാലൻ ഓർമ്മിപ്പിച്ചു. വിദ്യാർത്ഥി ജീവിതകാലത്ത് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് 30 ദിവസം ജയിലിൽ കിടന്നിട്ടുണ്ടെന്നും എൻ.ജി.ഒ അധ്യാപക സമരവുമായി ബന്ധപ്പെട്ടും തടവ് അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായിരുന്ന കാലത്ത് കേസിൽ ശിക്ഷിക്കപ്പെട്ടു. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നില്ല. കേസിനെയും കോടതിയെയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലാകുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമായിരുന്നു ബാലന്റെ വിവാദ പ്രസ്താവന. ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ജമാഅത്തെ ഇസ്‌ലാമി നോട്ടീസ് അയച്ചത്. എന്നാൽ നോട്ടീസിലെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് ബാലന്റെ വാദം. താൻ ഇന്നേവരെ മതന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിച്ചിട്ടില്ലെന്നും സോഷ്യലിസ്റ്റ് ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവാണ് തന്റെ പ്രസ്താവന വിവാദമാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
advertisement
ഭരണഘടനയെ ബഹുമാനിക്കുന്നുണ്ടോ എന്നും മതരാഷ്ട്രവാദമാണോ ലക്ഷ്യമെന്നും വ്യക്തമാക്കിയ ശേഷമാണ് ജമാഅത്തെ ഇസ്‌ലാമി തനിക്ക് നോട്ടീസ് അയക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ തന്റെ വാക്കുകൾ തെറ്റായി വളച്ചൊടിക്കുകയായിരുന്നുവെന്നും ബാലൻ ആരോപിച്ചു. ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തര വകുപ്പ് ഭരിക്കുമെന്നല്ല, മറിച്ച് അവരുടെ നിയന്ത്രണത്തിലാകുമെന്നാണ് താൻ പറഞ്ഞതെന്നും ഇത് മതസൗഹാർദ്ദത്തെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ പരാമർശം തിരുത്തുമെന്നും വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് ഇനിയും മുന്നറിയിപ്പ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
