നടിയുടെ വാക്കുകള്‍- സാമ്പത്തികമായും അല്ലാതെയും മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്‌തിട്ടില്ല. കഴിഞ്ഞ 12 വർഷമായി ഞാൻ തിരുവനന്തപുരത്തുണ്ട്. 2015ലാണ് എന്റെ ഭർത്താവ് കാൻസർ വന്ന് മരണപ്പെടുന്നത്. ഇത്രയും വർഷവും ഞാൻ തിരുവനന്തപുരം കരമനയ്‌ക്കടുത്ത് ഒരേ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഈ നാട് എനിക്കിഷ്‌ടമാണ്. ഇവിടെ എന്നെ ആരും ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ഇവിടെ സെയ്‌ഫാണ്. 19 വർഷമായി ഞാനൊരു സോഷ്യൽ വർക്കറാണ്. സിനിമാ നടി എന്ന് പറയുന്നതിനേക്കാൾ അഭിമാനമായി തോന്നിയിട്ടുള്ളത് സോഷ്യൽ വർക്കറാണെന്ന് പറയുമ്പോഴാണ്.
advertisement
2013ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. അവിര റബേക്ക സംവിധാനം ചെയ്‌ത 'പിഗ്‌മാൻ' എന്നാണ് സിനിമയുടെ പേര്. പന്നി വളർത്തുന്ന ഒരു പഴയ കെട്ടിടത്തിൽ വച്ചായിരുന്നു അതിന്റെ ആദ്യ ദിവസത്തെ ഷൂട്ടിംഗ്. രമ്യാ നമ്പീശൻ അന്ന് ഉണ്ടായിരുന്നു. സാധാരണ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഒരു വിലയും നൽകിയിരുന്നില്ല. ഒരു സോഷ്യൽ വർക്കറായതിനാൽ തന്നെ സംവിധായകൻ എന്നെ വിളിച്ച് നടനായ ജയസൂര്യയെും നായിക രമ്യ നമ്പീശനെയും പരിചയപ്പെടുത്തി.
പിന്നീട് ഓഫീസ് സീനായിരുന്നു. കുറേ സമയം ഇരിക്കേണ്ടതിനാൽ ഞാൻ മേക്കപ്പ് ചെയ്‌ത ശേഷം വാഷ്‌റൂമിൽ പോയി. പോയി തിരിച്ചുവരുമ്പോൾ ആരാണെന്ന് കണ്ടില്ല പെട്ടെന്നൊരാൾ എന്നെ കടന്നുപിടിച്ചു. പേടിച്ച ഞാൻ കരഞ്ഞുകൊണ്ട് അയാളെ പിടിച്ച് തള്ളി. അയാളുടെ കൈക്ക് നല്ല ബലമായിരുന്നു. ഞാൻ തള്ളിയപ്പോൾ അയാൾ രണ്ട് സ്റ്റെപ്പ് പുറകിലേക്ക് പോയി. എത്ര വല്യ നടനോ ആവട്ടെ ഇങ്ങനെ ചെയ്‌തത് എനിക്കിഷ്‌ടപ്പെട്ടില്ല എന്ന് പറഞ്ഞു. മാപ്പ് പറഞ്ഞ ശേഷം എനിക്ക് പെട്ടെന്ന് അങ്ങനെ പറ്റിപ്പോയതാണെന്ന് അയാൾ പറഞ്ഞു.
ഞാൻ ധരിച്ചിരുന്ന ബ്ലാക്ക് ടീഷർട്ടും ബ്ലൂ ജീൻസുമാണ്. അതിനെപ്പറ്റി അയാൾ പറയുന്നുണ്ടായിരുന്നു. പിന്നെ നിങ്ങളൊരു സോഷ്യൽ വർക്കറാണ്. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് അതൊക്കെ എനിക്ക് ഭയങ്കര ഇഷ്‌മാണ് എന്നും പറഞ്ഞു. ഇതെല്ലാം വെറും രണ്ട് മിനിട്ടിൽ നടക്കുന്ന കാര്യങ്ങളാണ്. സംവിധായകനോട് ഇക്കാര്യം പറയുമോ എന്നും അയാൾ ചോദിച്ചു. പിന്നെ വലിയൊരു നടനല്ലേ അയാളുടെ ഇമേജ് തകർക്കണ്ട എന്ന് കരുതി ഞാൻ ആരോടും പറയില്ലാന്ന് പറഞ്ഞു.
ആദ്യത്തെ സിനിമയാണ് അതിന്റെ ടെൻഷനുണ്ടെന്ന് പറഞ്ഞപ്പോൾ കൂൾ ആകൂ, കണ്ണീർ തുടച്ച് പോയി ഒന്നുകൂടെ മേക്കപ്പിടാനും അയാൾ പറഞ്ഞു. ഇനി നമ്മൾ നല്ല ഫ്രണ്ട്‌സ് ആയിരിക്കും. നിന്നെ ടച്ച് പോലും ചെയ്യില്ല എന്നും പറഞ്ഞു. പിന്നീടൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. അന്ന് ഞാനെന്റെ ഭർത്താവിനോടും അടുത്ത സുഹൃത്തുക്കളോടും ഇക്കാര്യം പറഞ്ഞു.
ഇപ്പോഴും അദ്ദേഹത്തിന്റെ നമ്പർ എന്റെ കയ്യിലുണ്ട്. എന്റെ സ്റ്റാറ്റസ് കാണുമ്പോൾ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനായി അദ്ദേഹം അവരുടെ നമ്പർ ചോദിക്കാറുണ്ട്. അല്ലാതെ ഒരിക്കൽ പോലും പിന്നെ എന്നോട് മോശമായി സംസാരിച്ചിട്ടില്ല. ആ ഒരു കാര്യത്തിൽ എനിക്ക് ബഹുമാനമുണ്ട്. പിന്നെ സുഹൃത്തുക്കളായിട്ട് എന്തിന് ഇക്കാര്യം ഇപ്പോൾ പറഞ്ഞു എന്ന് ചോദിച്ചാൽ, സോഷ്യൽ വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്ന സാധാരണ സുഹൃത്തുക്കൾ മാത്രമാണ് ഞങ്ങൾ. പക്ഷേ, അന്ന് ചെയ്‌തത് മരിച്ചാലും മറക്കാൻ പറ്റില്ല.