'ഒരു തരത്തിലുള്ള സമരങ്ങൾക്കോ പ്രതിഷേധത്തിനോ കരിങ്കൊടിക്കോ എതിരല്ല. ഒരുപാട് സമരങ്ങൾ തങ്ങൾ നടത്തിയിട്ടുണ്ട്, നേരിട്ടിട്ടുണ്ട്, പങ്കെടുത്തിട്ടുമുണ്ട്. എന്നാൽ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിയും അസഭ്യവും കേട്ട് പോകണം എന്ന് പറയുന്നതിലാണ് പ്രശ്നമുള്ളത്. അങ്ങിനെ ആരെങ്കിലും പറയുന്ന ആഭാസങ്ങൾ കേട്ടിട്ട് ഓടി പോകാൻ പറ്റിലല്ലോ.
പൊലീസ് സ്ഥലത്ത് ഉണ്ടായിട്ടും അവരെ പിടിച്ച മാറ്റിയില്ല. വടകര അങ്ങാടിയിൽ കൂടെ നടക്കാൻ ആരുടേയും സ്പെഷ്യൽ പെർമിഷന്റെ ആവശ്യം ഇല്ല. ജനങ്ങൾ വോട്ട് ചെയ്‌ത് ജയിപ്പിച്ചിട്ടാണ് പൊതുപ്രവർത്തനം നടത്തി മുന്നോട്ട് പോകുന്നത്. ആരുടെയും ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കാൻ ആഗ്രഹിക്കുന്നില്ല. താൻ വടകരയിൽ തന്നെ ഉണ്ടാകും. തന്നെ തടയുന്നതിന്റെയും സമരം ചെയ്യുന്നതിന്റെയും ലോജിക്കാണ് ഇപ്പോൾ മനസ്സിലാകാത്തത്’ ഷാഫി പറമ്പിൽ പറഞ്ഞു.
advertisement
അതേസമയം , ഷാഫി പറമ്പിലിനെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. വടകരയിൽ ഭിന്നശേഷി കുട്ടികളുടെ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഷാഫിക്ക് നേരെ പ്രതിഷേധം ഉയർത്തിയതോടെ ഷാഫിയും പ്രതിഷേധകാരും നേർക്കുനേർ വാക്കേറ്റം നടത്തുന്ന സാഹചര്യമുണ്ടായി. പൊലീസ് ഏകപക്ഷീയമായി ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടി കെ കെ രമ എംഎൽഎ വടകര പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ രാജിവെപ്പിക്കാൻ ഷാഫിയെ ആണോ തടയേണ്ടതെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു.
പിന്നാലെ, ക്ലിഫ് ഹൗസിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേക്ക് തീപ്പന്തങ്ങള്‍ വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് പൊലീസ് ലാത്തി വീശിയത്. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു. ലാത്തി ചാർജിൽ വനിതാ പ്രവർത്തകർക്കടകം പരിക്കേറ്റു.