അണക്കര ചെല്ലാര്‍ക്കോവില്‍ ജൂണ്‍ 17നുണ്ടായ ബൈക്കപടത്തില്‍ മരിച്ച വെള്ളറയില്‍ ഷാനറ്റ് ഷൈജു (17)വിന്റെ സംസ്‌കാരം ചൊവ്വാഴ്ച ഒലിവുമല സെന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയിലാണ് നടന്നത്. കുവൈറ്റിൽ നിന്നും കൊണ്ടുവന്ന വാച്ച് അവന്റെ മൃതദേഹത്തിൽ വച്ചാണ് അമ്മ യാത്രയാക്കിയത്.
അണക്കര ചെല്ലാർകോവിലിനു സമീപം കഴിഞ്ഞയാഴ്ച ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണു വിദ്യാർത്ഥികളും സുഹൃത്തുക്കളുമായ വെള്ളറയിൽ ഷാനറ്റ് ഷൈജു, അലൻ കെ ഷിബു എന്നിവർ മരിച്ചത്. അലന്റെ സംസ്കാരം തൊട്ടടുത്ത ദിവസം നടത്തിയിരുന്നു. കുവൈറ്റിൽ ഏജൻസിയുടെ തൊഴിൽത്തട്ടിപ്പിനിരയായി തടങ്കലിൽ കഴിഞ്ഞിരുന്ന ജിനു എത്താൻ വൈകിയത് കാരണമാണ് ഷാനറ്റിന്റെ സംസ്കാരം വൈകിയത്. തിങ്കളാഴ്‌ച വൈകിട്ടാണ് ജിനു നാട്ടിലെത്തിയത്.
advertisement
ജീവിതമാര്‍ഗം തേടിയാണ് രണ്ടരമാസം മുന്‍പ് ജിനു കുവൈറ്റിലേക്ക് പോയത്. അവിടെ എത്തിയപ്പോള്‍മുതല്‍ ജിനു ദുരിതക്കയത്തിലായിരുന്നു. വീട്ടുജോലിയായിരുന്നു. വലിയ കഷ്ടപ്പാടും ആരോഗ്യപ്രശ്‌നങ്ങളും. വാഗ്ദാനംചെയ്ത ശമ്പളവും കിട്ടിയില്ല. ഇതിനിടെ ജോലിതട്ടിപ്പിന് ഇരയായ ജിനു ഏജന്‍സിക്കാരുടെ തടവിലായി. സുമനസ്സുകളുടെ സഹായത്തോടെ അവിടെനിന്ന് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി.
കോടതി നടപടികള്‍ക്കുശേഷം കുവൈറ്റിലെ തടങ്കലിലായിരുന്നു. താത്കാലിക പാസ്‌പോര്‍ട്ട് കിട്ടിയപ്പോഴും നാട്ടിലേക്ക് വരാന്‍ യുദ്ധം0 തടസ്സമായി. ഒടുവില്‍ തിങ്കളാഴ്ച നാട്ടിലെത്തിയപ്പോഴാണ് മകന്‍ ജീവനോടെയില്ലെന്ന് അമ്മ അറിയുന്നത്. മകനായി വാങ്ങിച്ച വാച്ച് അവന്റെ നെഞ്ചോട് ചേർത്ത് വെച്ചതോടെ അച്ഛൻ ഷൈജുവിനും അനുജൻ ഷിയോണിനും ഷാനറ്റിന്റെ കൂട്ടുക്കാർക്കും കരച്ചിലടക്കാനായില്ല.