കവിതയുടെ പൂർണരൂപം
ചുറ്റും
വിഷം തൂകിയ പാമ്പുകൾ
എന്നെ
വരിഞ്ഞുമുറുക്കുന്നു…
ഉറക്കം എനിക്ക്
അന്യമായി തീരുന്നു.
പൊളിഞ്ഞ ഗർഭപാത്രത്തിന്റെ
നിലവിളി—
സ്വപ്നങ്ങളെ
ചാലിച്ച പിഞ്ചു പൂവിനെ
പിച്ചിച്ചീന്തിയ കാപാലികാ,
നീ ഇത്രയും ക്രൂരനോ?
ഗർഭപാത്രത്തിൽ
കയ്യിട്ടു
ഞെരടി,
ചോര കുടിച്ച രക്തരാക്ഷസാ…
നീ ഇത്ര ക്രൂരനോ?
നീയും ഒരു അമ്മയുടെ
advertisement
ഉദരത്തിൽ ജന്മം കൊണ്ട
മഹാപാപിയോ?
ഒരു പാവം പെണ്ണിന്റെ
ഹൃദയം പതിയെ തൊട്ട്,
പ്രണയം പുലമ്പി
കടിച്ചുപറിച്ചത്
ജീവനുള്ള മാംസപിണ്ഡം
ആയിരുന്നു.
കാർക്കി തുപ്പിയത്
വിശുദ്ധ വസ്ത്രത്തിലുമായിരുന്നു…
ചീന്തിയ ചിറകുമായി
ആത്മാവ് വട്ടമിട്ട് പറക്കുമ്പോൾ,
ശാന്തി കണ്ടെത്താനാകാതെ…
അവളെ തളക്കാൻ ശ്രമിച്ച
ചോരപുരണ്ട നിന്റെ
പല്ലുകൾക്ക്
ദൈവം ഒരിക്കലും
ശക്തി തരില്ല.
അവിടെ നിന്നിൽ
സേവനം ചെയ്തത്
സാത്താനായിരുന്നു.
ഇത്—
രക്തത്തിൽ എഴുതപ്പെട്ട,
ചോര പൊടിഞ്ഞ
ആത്മാവിന്റെ വിധി.
— Written by Sharafunnisa
