ഗുജറാത്തുകാരനായിരുന്ന രാം ഭായി എന്ന ചെറുപ്പക്കാരനും കറുകച്ചാൽ കറ്റുവെട്ടി ഭാഗത്തുള്ള ഗീത എന്ന യുവതിയും കാൽ നൂറ്റാണ്ടിന് മുമ്പാണ് വിവാഹിതരായത്. ഇവർക്ക് ഒരാൺകുട്ടി ജനിച്ചിരുന്നു, പേര് ഗോവിന്ദ്. ഗോവിന്ദിന് ഒന്നര വയസ് കഴിഞ്ഞ സമയം രാം ഭായിയും ഗീതയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങളാൽ പിണങ്ങേണ്ടി വന്നു. ആ സമയം ഗീത ഗർഭിണിയാണ്. രാംഭായി ഗർഭിണിയായ ഗീതയെ ഉപേക്ഷിച്ച് ഗോവിന്ദുമായി ഗുജറാത്തിലേക്ക് പോയി. രാം ഭായി പിന്നീട് മറ്റൊരു വിവാഹം കഴിച്ചു. പക്ഷേ നിറവയറുമായി നിൽക്കുന്ന അമ്മയുടെ രൂപം ഗോവിന്ദിന്റെ ഓർമ്മകളിൽ നിന്ന് മാഞ്ഞുപോയതേയില്ല. 25 വർഷങ്ങൾക്ക് ശേഷം ആ മകൻ അമ്മയെ അന്വേഷിച്ച് കേരളത്തിലെത്തി. പിന്നീട് സഹായമഭ്യർഥിച്ച് കറുകച്ചാൽ പൊലീസിനെ സമീപിക്കുകയുമായിരുന്നു.
advertisement
'ഒരു പൊലീസുകാരന്‍റെ വീടിനടുത്താണ് ഗീതയുടെ വീട് ' എന്ന് മാത്രമേ അച്ഛന് ഓര്‍മ്മയില്‍ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു ഗോവിന്ദിന് പൊലീസിന് കൈമാറാനുണ്ടായിരുന്ന ആകെയുള്ള ഒരു വിവരം. പൊലീസുകാർ ഉടൻ തന്നെ വിദഗ്ധമായി അന്വേഷണം തുടങ്ങി. കറുകച്ചാല്‍ എഎസ്ഐ അജിത് കുമാർ, സിപിഓമാരായ അൻവർ കരീം, കെ.കെ പ്രമോദ് എന്നിവരാണ് അന്വേഷണം ഏറ്റെടുത്തത്. തുടർന്ന് ആ കാലഘട്ടത്ത് അവിടെ ജോലിയില്‍ ഉണ്ടായിരുന്ന എല്ലാ പൊലീസുകാരുടെയും വിവരങ്ങൾ ശേഖരിച്ചു. പിന്നീട് അവരോട് ഗോവിന്ദിന്റെ അമ്മയുടെ വീടിനേക്കുറിച്ച് വിവരങ്ങള്‍ തിരക്കി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നെടുംകുന്നം ഗ്രാമപഞ്ചായത്ത് അംഗം ശ്രീജാ മനുവിനെയും സമീപിച്ചു. ഒടുവിൽ ഗീതയെയും മകളെയും കണ്ടെത്തി. ഗോവിന്ദിന് അമ്മയേയും സഹോദരിയെയും തിരികെ ലഭിച്ചു.
മരിക്കും മുന്‍പ് ഒരു ദിവസമെങ്കിലും മകനെ ഒന്നു കാണെണമെന്ന് ആഗ്രഹിച്ച് ആ അമ്മ ഗോവിന്ദിന്റെ മടങ്ങിവരവിൽ ഏറെ വികാരധീനയായി മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടിക്കാലം മുതൽക്ക് അമ്മയെ കാണെണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അന്ന് അതിനുള്ള പണം കയ്യിലില്ലായിരുന്നുവെന്നും , ഇപ്പോൾ ജോലിചെയ്ത് കിട്ടിയ കശുകൊണ്ടാണ് അമ്മയെ കാണാൻ വന്നതെന്നും ഗോവിന്ദ പറഞ്ഞു.