അതേസമയം തലസ്ഥാന നഗരിയിൽ മാധ്യമപ്രവർത്തകർ അപകടത്തിൽ മരിക്കുന്നത് 16 മാസത്തിനിടെ രണ്ടാമത്തെ സംഭവമാണ് ഇന്ന് ഉണ്ടായത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫും മലപ്പുറം ചെറിയമുണ്ടം സ്വദേശിയുമായ കെ മുഹമ്മദ് ബഷീർ അപകടത്തിൽ മരിച്ചത്. യുവ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ചാണ് കെ.എം ബഷീർ മരിച്ചത്.
Also Read- മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
advertisement
കെ.എം ബഷീറിന്‍റെ മരണത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീറാമിനെ സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് സർവീസിൽ തിരിച്ചെടുത്തിരുന്നു. എന്നാൽ അന്നത്തെ സംഭവത്തിൽനിന്ന് വ്യത്യസ്തമായി ഒരേ ദിശയിൽ വന്ന വാഹനമിടിച്ചതും, അപകടശേഷം ഇടിച്ച അജ്ഞാത വാഹനം നിർത്താതെ പോയതുമാണ് എസ്.വി പ്രദീപിന്‍റെ അപകട മരണത്തിൽ ദുരൂഹത ആരോപിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി എസ്.വി പ്രദീപിന്‍റെ കുടുംബവും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. എസ്.വി പ്രദീപിന്‍റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ ഉന്നയിച്ചിട്ടുണ്ട്.
വൈകിട്ടു നാലു മണിയോടെയാണ് മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചത്. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്കു വിട്ടുനൽകും.
കൈരളി ടിവി, മംഗളം ടിവി, ന്യൂസ് 18 കേരളം, മനോരമ തുടങ്ങി വിവിധ മാധ്യമങ്ങളിൽ എസ്.വി പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രദീപ് ജോലി നോക്കിയിട്ടുണ്ട്.