നിശ്ചയിച്ച പാഠഭാഗങ്ങളിൽ എത്ര പഠിപ്പിച്ചു എന്ന കാര്യം യോഗം വിലയിരുത്തി. എസ് എസ് എൽ സിയിൽ ഏതാണ്ട് 90% വും ഹയർ സെക്കണ്ടറിയിൽ 75 % വും നിശ്ചയിച്ച പാഠഭാഗങ്ങൾ പഠിപ്പിച്ചതായി ഉദ്യോഗസ്ഥർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകി പാഠങ്ങൾ തീർക്കണം. പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താനുള്ള നടപടികൾ കൈക്കൊള്ളും.
advertisement
ബി ആർ സി റിസോർസ് അധ്യാപകരുടെയും എസ് എസ് കെ ,ഡയറ്റ് അധ്യാപകരുടെയും സേവനം മലയോര - പിന്നാക്ക മേഖലകളിൽ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി ലഭ്യമാക്കും. അധ്യാപകരിലെ കോവിഡ് ബാധ മൂലം പഠനം തടസപ്പെടുന്നുണ്ടെങ്കിൽ ദിവസവേതന നിരക്കിൽ താൽക്കാലിക അധ്യാപകരെ വെക്കാവുന്നതാണ്. ആഴ്ചയിലൊരിക്കൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളിലും ജില്ലകൾ അത് ക്രോഡീകരിച്ച് വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും റിപ്പോർട്ട് നൽകണം.
ഓഫ്‌ലൈൻ, ഓൺലൈൻ രൂപത്തിൽ ക്ലാസുകൾ ഉണ്ടാകും. പരീക്ഷാ തീയതികളിൽ മാറ്റമില്ല. മോഡൽ പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം മാർച്ച് 16 ന് ആരംഭിക്കും. എസ് എസ് എൽ സി പരീക്ഷകൾ മാർച്ച് 31 മുതൽ എപ്രിൽ 29 വരെയും രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയുമാണ് നടക്കുക.
