കോട്ടയം: സംസ്ഥാന സിബിഎസ്ഇ സ്‌കൂൾ കലോത്സവത്തിൽ കിരീട പോരാട്ടം തുടരുന്നു. മലബാർ സഹോദയും തൃശൂർ സഹോദയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. വിവിധ ഇനങ്ങളിലായി 432 പോയിന്റുമായാണ് മലബാർ സഹോദയ ഒന്നാം സ്ഥാനത്ത് തുടരുന്നത്. തൃശൂർ സഹോദയ 427 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്. 408 പോയിന്റ് വീതം നേടിയ തൃശൂർ സെൻട്രൽ സഹോദയയും, കൊച്ചി സഹോദയയും ഒന്നിച്ച് മൂന്നാം സ്ഥാനം പങ്കിടുന്നു. കലോത്സവംശനിയാഴ്ച സമാപിക്കും.
advertisement
400 പോയിന്റോടെ കോട്ടയം സഹോദയ നാലാം സ്ഥാനത്തുണ്ട്. മലബാർ സഹോദയയിലെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക്ക് സ്‌കൂളാണ് 62 പോയിന്റുമായി സ്‌കൂളുകളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. തൃശൂർ സെൻട്രൽ സഹോദയയിലെ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാ ഭവൻ സീനിയർ സെക്കൻഡറി സ്‌കൂൾ 40 പോയിന്റുമായി രണ്ടാമതുണ്ട്. കണ്ണൂർ സഹോദയയിലെ ചാലാ ചിന്മയ വിദ്യാലയ 36 പോയിന്റുമായി മൂന്നാമതുണ്ട്.
കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്‌കൂൾ അടക്കമുള്ള 35 വേദികളിലായാണ് സംസ്ഥാന സിബിഎസ്ഇ സ്‌കൂൾ കലോത്സവം നടക്കുന്നത്. പരിപാടികളിൽ പതിനായിരത്തോളം കലാ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
10,000 ത്തിലധികം വിദ്യാർത്ഥികൾ, 35 വേദികളിൽ അണി നിരന്ന് ,140 ഇനങ്ങളിൽ 4 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി ജോസ് കെ മാണി എംപിയാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സിലബസിലെയും സിബിഎസ്ഇയിലെയും കലോത്സവങ്ങൾ ഒന്നിച്ച് ഒരു വേദിയിൽ നടത്തുന്നതിനെപ്പറ്റി സംസ്ഥാന സർക്കാരുകളും മാനേജ്മെൻ്റുകളും ചിന്തിക്കണമെന്ന് ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടു. ഒന്നിലും പൂർണ്ണത ഇല്ലായ്മയാണ് ഇന്ത്യക്കാരുടെ പ്രധാന ശാപമെന്ന് ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര അഭിപ്രായപ്പെട്ടു.സൗന്ദര്യബോധവും കലാബോധവും സാംസ്കാരിക ബോധവും ഉള്ള സമൂഹത്തെ സൃഷ്ടിക്കണമെങ്കിൽ വിദ്യാർഥികളിലേക്ക് ബാല്യം മുതലേ കലയുടെ അറിവുകൾ പറഞ്ഞുകൊടുക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ്സിന്റെ ആഭിമുഖ്യത്തിൽ മരങ്ങാട്ടു പള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
