ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയും ഉദ്യോഗസ്ഥരും ഇടപെട്ടെന്ന് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിനൽകി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളി കൈമാറിയത് ഭരണസമിതി പറഞ്ഞിട്ടാണെന്നാണ് സുധീഷ് കുമാറിന്റെ മൊഴി.
advertisement
ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് എസ്ഐടി രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ റിമാന്‍ഡിലാണ് സുധീഷ് കുമാര്‍. മേലുദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് ചെമ്പ് പാളികള്‍ എന്നെഴുതിയതെന്നും അവർ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നും ഓരോ ഘട്ടത്തിലും വിവരങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നെന്നും സുധീഷ് കുമാർ മൊഴി നൽകി.എസ്‌ഐടി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മൊഴി നൽകിയത്. മൊഴി വിശദമായി പിശോധിച്ച ശേഷം ഇയാളെ വീണ്ടും ചോദ്യം ചെയ്യും. സുധീഷ് കുമാറിന് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
സുധീഷ് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും അറസ്റ്റിലായി. ദേവസ്വം ബോര്‍ഡ് മുന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍ കുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ആര്‍ ജയശ്രീ, മുന്‍ തിരുവാഭരണ കമ്മീഷണര്‍മാരായ കെ എസ് ബൈജു, ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
