TRENDING:

Nimisha Priya| നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

Last Updated:

യെമനിൽ കേരള നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: യെമ‌നിൽ‌ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ തടയാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി സുപീംകോടതി പരിഗണിക്കും. ജൂലൈ 16 ന് നടക്കാനിരിക്കുന്ന‌ നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചു. ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ആദ്യം കേസ് ജൂലൈ 14 ന് ലിസ്റ്റ് ചെയ്യാൻ സമ്മതിച്ചു. എന്നാൽ‌ വധശിക്ഷ നടപ്പാക്കുന്ന തീയതി ജൂലൈ 16 ആയതിനാൽ, ഇന്ത്യാ ഗവൺമെന്റിന്റെ നയതന്ത്ര ചർച്ചകൾക്ക് രണ്ട് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും അത് ഫലപ്രദമാകണമെന്നില്ലെന്നും മുതിർന്ന അഭിഭാഷകൻ രാഗെന്ത് ബസന്ത് ചൂണ്ടിക്കാട്ടി. ഇന്നോ നാളെയോ ലിസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
സുപ്രീംകോടതി, നിമിഷ പ്രിയ
സുപ്രീംകോടതി, നിമിഷ പ്രിയ
advertisement

“ദയവായി ഇന്നോ നാളെയോ ഹര്‍ജി ലിസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്, കാരണം 16 വധശിക്ഷ നടപ്പാക്കുന്ന തീയതിയാണ്. നയതന്ത്ര ഇടപെടലിന് സമയം ആവശ്യമാണ്,” അഭിഭാഷകൻ പറഞ്ഞതായി ലൈവ്‌ലോ റിപ്പോർട്ട് ചെയ്യുന്നു. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് ഹർജി സമർപ്പിച്ചത്. നയതന്ത്ര മാർഗങ്ങളിലൂടെ ഇന്ത്യൻ നഴ്‌സിന്റെ മോചനം ഉറപ്പാക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഇതും വായിക്കുക: യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്; ദയാധനം ആവശ്യപ്പെടുന്നത് 8.67 കോടി രൂപ; ശ്രമം തുടർ‌ന്ന് ആക്ഷൻ‌ കൗണ്‍സിൽ

advertisement

ശരീഅത്ത് നിയമപ്രകാരം, ഇരയുടെ ബന്ധുക്കൾ 'ദിയാധനം'സ്വീകരിക്കാൻ സമ്മതിച്ചാൽ ഒരാളെ മോചിപ്പിക്കാമെന്നും ഈ സാധ്യത പരിശോധിക്കാൻ ‌ചർച്ചകൾ നടത്താമെന്നും ബസന്ത് വാദിച്ചു. പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ധൂലിയ ചോദിക്കുകയും ബസന് അതിന് വിശദമായ മറുപടി നൽ‌കുകയും ചെയ്തു.

2017ൽ യെമൻ പൗരനായ തലാൽ അബ്ദോ മഹ്ദിയെ കൊലപ്പെടുത്തിയതിനാണ് ഇന്ത്യൻ നഴ്‌സായ നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയയ്ക്കൊപ്പം സനായിൽ ക്ലിനിക് നടത്തുന്നയാളാണ് തലാൽ അബ്ദുമഹ്ദി. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിനു യെമനിൽ രേഖകളുണ്ട്. എന്നാൽ, ഇതു ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപാതകം എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്.

advertisement

ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ നിർബന്ധിക്കുമായിരുന്നെന്നും നിമിഷ പറയുന്നു. ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നു ജയിലിലായ തലാൽ പുറത്തെത്തിയ ശേഷം കൂടുതൽ ഉപദ്രവകാരിയായി. ജീവിക്കാൻ അനുവദിക്കില്ലെന്ന നില വന്നതോടെ ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നൽകി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേർന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയിൽ പറഞ്ഞത്.

മൃതദേഹം നശിപ്പിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ കഷണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി ജലസംഭരണിയിലിട്ടു. സംഭവ ശേഷം സ്ഥലം വിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയിൽ ജോലിക്കു ചേർന്നു. ഇതിനിടെ, കാണാതായ തലാലിനു വേണ്ടി ബന്ധുക്കൾ അന്വേഷണം തുടങ്ങി. നിമിഷയുടെ ചിത്രം പത്രത്തിൽ കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. 2017 ല്‍ അറസ്റ്റിലായത് മുതല്‍ സനായിലെ ജയിലിലാണ് നിമിഷ പ്രിയ. 2020ലാണ് നിമിഷപ്രിയക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nimisha Priya| നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
Open in App
Home
Video
Impact Shorts
Web Stories