യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്; ദയാധനം ആവശ്യപ്പെടുന്നത് 8.67 കോടി രൂപ; ശ്രമം തുടർന്ന് ആക്ഷൻ കൗണ്‍സിൽ
- Published by:Rajesh V
- news18-malayalam
Last Updated:
വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു
യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കും. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചു. അതേസമയം നിമിഷപ്രിയയുടെ മോചനത്തിന് മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരമാണ് ഇപ്പോള്‍ യെമനില്‍ നിന്ന് വരുന്നത്. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. മഹ്ദിയുടെ കുടുംബത്തെ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
advertisement
നിമിഷപ്രിയയുടെ മോചനത്തിനായി തീവ്ര ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് വധശിക്ഷ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണവും ഇന്നുണ്ടാകും എന്നാണ് സൂചന.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല
advertisement
2018ലായിരുന്നു നിമിഷപ്രിയയ്ക്കെതിരെ യമൻ കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും 2020ൽ യമനിലെ അപ്പീൽ കോടതി ശിക്ഷ ശരിവെച്ചു. പിന്നീട്, യമനിലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2023 നവംബറിൽ അപ്പീൽ തള്ളി.
Location :
New Delhi,New Delhi,Delhi
First Published :
July 09, 2025 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്; ദയാധനം ആവശ്യപ്പെടുന്നത് 8.67 കോടി രൂപ; ശ്രമം തുടർന്ന് ആക്ഷൻ കൗണ്‍സിൽ