1. പാറപ്രം- കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമത്തിലെ പാറപ്രത്ത് 1939 ഡിസംബർ മാസത്തിന്റെ അവസാനം ചേർന്ന സമ്മേളനം പിണറായി-പാറപ്രം സമ്മേളനം എന്നറിയപ്പെടുന്നു. ഈ സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള സംസ്ഥാന ഘടകം ഔപചാരികമായി രൂപീകരിച്ചത്. കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ പ്രമുഖർ ചേർന്ന് പി. കൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് ഈ സമ്മേളനം നടന്നത്.
2. മൊറാഴ- നിരോധന ഉത്തരവ് ലംഘിച്ചുണ്ടായ പ്രതിഷേധത്തിനിടെ 1940 സെപ്റ്റംബർ 15ന് രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടു. സംഭവത്തിൽ കെപിആർ ഗോപാലനെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിന്നീട് അത് റദ്ദാക്കി. ഈ സംഭവത്തിന്‍റെ സ്മാരകമാണ് അഞ്ചാം പീടികയിലുള്ള മൊറാഴ സ്മാരകം.
advertisement
3. തലശേരി- ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിനിടെ അബു, ചാത്തുക്കുട്ടി എന്നിവർ പൊലീസിന്‍റെ വെടിയേറ്റു മരിച്ചു. 1940 സെപ്റ്റംബർ 15നാണ് വെടിവെയ്പ്പ് നടന്നത്. ചിറക്കുനിയിലാണ് തലശേരി സ്മാരകം.
4. കരിവെള്ളൂർ- ജന്മിത്തത്തിനെതിരായ പ്രക്ഷോഭത്തിനിടെ തിടിയിൽ കണ്ണൻ കീനേരി കുഞ്ഞമ്പു എന്നിവർ പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. ഇവരുടെ രക്തസാക്ഷിത്തത്തിന്‍റെ സ്മാരകമാണ് കരിവെള്ളൂരിലേത്.
5 കയ്യൂർ- കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് നാലുപേർ വധശിക്ഷയ്ക്ക് വിധേയരായി. 1943 മാർച്ച് 23നാണ് പള്ളിക്കാൽ അബൂബക്കർ, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, മഠത്തിൽ അബു എന്നിവരെയാണ് തൂക്കിലേറ്റിയത്. ഇവരുടെ ഓർമ്മകളിരമ്പുന്നതാണ് കയ്യൂർ സ്മാരകം.
6. കാവുമ്പായി- ജന്മിത്തത്തിനെതിരായ നടന്ന കർഷകരുടെ പ്രക്ഷോഭത്തെ അടിച്ചമർത്താൻ നടത്തിയ വെടിവെയ്പ്പിൽ അഞ്ചുപേർ രക്തസാക്ഷികളായി. ഇവരുടെ സ്മരണയ്ക്കായി തീർത്തതാണ് കാവുമ്പായി സ്മാരകം.
7. കോറോം- 1948 ഏപ്രിൽ 12ന് ജന്മിത്ത-നാടുവാഴിത്ത വ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ രണ്ടുപേർ രക്തസാക്ഷികളായതാണ് കോറോം സ്മാരകത്തിന് പിന്നിൽ.
8. തില്ലങ്കേരി- കർഷക ചൂഷണത്തിനെതിരെ 1948ലെ വിഷുദിനത്തിൽ നടന്ന പോരാട്ടത്തിനിടെ ഏഴുപേർ രക്തസാക്ഷികളായി. പ്രക്ഷോഭത്തിനിടെ അറസ്റ്റിലായവരെ പാർപ്പിച്ച സേലം ജയിലിലുണ്ടായ കാലപത്തിൽ 22 പേരും കൊല്ലപ്പെട്ടു. ഈ രണ്ടു സംഭവങ്ങളുടെയും സ്മാരകമാണ് തില്ലങ്കേരിയിലേത്.
9. പുന്നപ്ര- 1946 ഒക്ടോബർ 25 ന് പണിമുടക്കിയ തൊഴിലാളികൾ ആലപ്പുഴയിൽ നിന്നും പുന്നപ്രയിലേക്ക് ജാഥയായി പോയി. കള്ളർകോട്ടിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം വെടിവെച്ചു. ഒരാൾ മരണമടഞ്ഞു. ആയുധധാരികളായ ജനക്കൂട്ടം പുന്നപ്രക്കു സമീപം പോലീസ് ഔട്ട്പോസ്റ്റ് ആക്രമിച്ചു ഒരു സബ് ഇൻസ്പെക്ടറും, മൂന്നുപോലീസുകാരും മരിച്ചു. പോലീസ് തിരികെ നടത്തിയ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെട്ടു. ഇതിന്‍റെ ഓർമ്മകൾ കുടികൊള്ളുന്നതാണ് പുന്നപ്ര സ്മാരകം.
10. വയലാർ- പുന്നപ്ര സംഭവത്തിന് തുടർച്ചയായി തൊഴിലാളികൾ ചേർത്തലയ്ക്ക് അടുത്തുള്ള വയലാർ ഗ്രാമത്തിലേക്ക് പിൻവാങ്ങി. 1946 ഒക്ടോബർ 27നു ബോട്ടുകളിലെത്തിയ പട്ടാളം വയലാർ ക്യാമ്പിനുനേരെ വെടിവെച്ചു. വാരിക്കുന്തങ്ങൾ ഉപയോഗിച്ചു പ്രക്ഷോഭകാരികൾ തിരിച്ചും ആക്രമിച്ചു. അന്ന് അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്.