മണ്ണിടിഞ്ഞഭാഗത്തെ കല്ലും മണ്ണും പൂര്‍ണമായി മാറ്റിയശേഷം രാത്രി 8.45ഓടെ കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തിവിട്ടു. ആദ്യം ലക്കിടിഭാഗത്തുള്ള വാഹനങ്ങളാണ് കടത്തിവിട്ടത്. ഈ വാഹനങ്ങള്‍ നാലാംവളവ് കഴിഞ്ഞതോടെ അടിവാരത്തുനിന്നുള്ള വാഹനങ്ങള്‍ മുകളിലേക്കും കയറ്റിവിട്ടതിനുശേഷമാണ് ഗതാഗതനിരോധനം വീണ്ടും നടപ്പാക്കിയത്. ബുധനാഴ്ച വൈകിട്ടും ചെറിയതോതില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു.
ഏകദേശം 30 മീറ്ററോളം ഉയരത്തില്‍നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്. മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി-മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്ത പരിശോധനനടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായരീതിയില്‍ താഴേക്ക് പൊട്ടിയിറങ്ങിയത്. ബുധനാഴ്ച രാവിലെ ഏഴുമുതല്‍ തുടങ്ങിയ കഠിനവും സാഹസികവുമായ പരിശ്രമത്തിനൊടുവിലാണ് രാത്രിയോടെ റോഡ് ഗതാഗതയോഗ്യമാക്കിയത്.
advertisement
താഴ്ഭാഗത്തെ മണ്ണും കല്ലും കോരിമാറ്റുന്നതിനിടെ വീണ്ടും ഇടിച്ചില്‍ ഉണ്ടാവുമോയെന്ന ആശങ്കയുയര്‍ന്നിരുന്നു. തുടര്‍ന്ന് വിദഗ്ധസംഘം മുകള്‍ഭാഗത്തെത്തി പരിശോധന നടത്തി. ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, അപകടസാധ്യതയില്ലെന്ന് ഉറപ്പുവരുത്തി കരുതലോടെയാണ് മണ്ണും കല്ലുമെടുക്കുന്ന പ്രവൃത്തി തുടര്‍ന്നത്. വലിയ പാറക്കല്ലുകള്‍ സ്റ്റോണ്‍ ബ്രേക്കറിന്റെ സഹായത്തോടെ പൊട്ടിച്ചാണ് റോഡില്‍നിന്നുമാറ്റിയത്.