തല നരക്കാത്തതല്ലെന്‍ യുവത്വവും
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍
തലകുനിക്കാത്ത ശീലമെന്‍ യൗവനം'
ഒരു വയസുകൂടി കടന്ന് വിഎസിന്റെ വിപ്ലവയുവത്വം മുന്നോട്ടുകുതിക്കുമ്പോള്‍, നവമാധ്യമങ്ങളില്‍ മുഴങ്ങുന്നത് ഈ കവിതയാണ്. കെ സുധാകരന്റെ അധിക്ഷേപ പരാമര്‍ശവും കൂടി വന്നതോടെ, പ്രായം തളര്‍ത്താത്ത വിഎസ് എന്ന പോരാളിയെ വിശേഷിപ്പിക്കാന്‍ ഈ വരികള്‍ നിരന്തരം എഴുതപ്പെടുന്നു. വിഎസിന്റെ ഒരു പ്രസംഗത്തിലൂടെയാണ് ഏതാണ്ട് 80 വര്‍ഷം മുന്‍പ് ടി.എസ് തിരുമുമ്പെഴുതിയ ഈ വരികള്‍ കേരളത്തിന്റെ സജീവശ്രദ്ധയിലേക്ക് ഒരിടവേളയ്ക്ക് ശേഷം വന്നെത്തിയത്.
advertisement
രാഹുലിന്റെ കളിയാക്കല്‍, വിഎസിന്റെ മറുപടി
2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലം, വിഎസാണ് അന്ന് മുഖ്യമന്ത്രി, വയസ് 87. കേരളത്തില്‍ പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധി വിഎസിന്റെ വയസിനെ ലക്ഷ്യം വെച്ചു. വീണ്ടുമൊരിക്കല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ 93കാരനായ മുഖ്യമന്ത്രിയെയാകും ലഭിക്കുക എന്നായിരുന്നു പ്രസംഗം. പിന്നാലെ പാലക്കാട് ഒരു ചെറുപരിപാടിയിലായിരുന്നു, ഈ കവിത പാടി വിഎസ് ഇതിന് മറുപടി നല്‍കിയത്. ജന്മിത്വ വിരുദ്ധപോരാട്ടത്തിലും സ്വാതന്ത്ര്യസമരത്തിലും പതിനേഴാം വയസില്‍ തുടങ്ങിയ രാഷ്ട്രീയപ്രവര്‍ത്തനമാണ് തന്റേതെന്ന് വിഎസ് ഓര്‍മ്മിപ്പിച്ചു. രാഹുലിനെതിരെ വിഎസിന്റെ പ്രശസ്തമായ 'അമൂല്‍ ബേബി' പരാമര്‍ശവും അന്നായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിഎസ് ഈ പരാമര്‍ശം ആവര്‍ത്തിച്ചു. ഈ കവിത ആരെഴുതിയതാണ്, എന്തിനെഴുതിയതാണ്?
പ്രതിഷേധിച്ചെഴുതിയ പോരാട്ടകവിത
മലബാറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖസ്ഥാനമാണ് അഭിനവ് ഭാരത് യുവക് സംഘത്തിനുള്ളത്. ഈ സംഘത്തിന് നേതൃത്വം നല്‍കിയത് കരിവെള്ളൂര്‍ സമരനായകന്‍ എ.വി കുഞ്ഞമ്പുവായിരുന്നു. ഉത്തര മലബാറിലെ യുവതയുടെ ആവേശമായ ഈ സംഘടനയുടെ സജീവ സംഘാടകരില്‍ ഒരാളായിരുന്നു ടി സുബ്രഹ്മണ്യ തിരുമുമ്പ് എന്ന ടി.എസ് തിരുമുമ്പ്. അങ്ങനെ 1938ല്‍ അഭിനവ് ഭാരത് യുവക് സംഘത്തിന്റെ സമ്മേളനം നടക്കുന്നു. തിരുമുമ്പിന് സംഘടനയില്‍ അംഗത്വം വേണം. 25 വയസിലധികമുള്ളവര്‍ക്ക് അംഗത്വമില്ലെന്നാണ് സംഘടനാ തീരുമാനം, തിരുമുമ്പിന് പ്രായം അതിലധികമാണ്. സമ്മേളനത്തലേന്നും നേതാക്കളെ കണ്ടെങ്കിലും ഫലമുണ്ടായില്ല. നിരാശനായ തിരുമുമ്പ് അംഗത്വമില്ലെങ്കിലും സമ്മേളനത്തിന്റെ തുടക്കത്തില്‍ ഒരു കവിത ചൊല്ലാന്‍ അനുവാദം തരണമെന്ന് അഭ്യര്‍ത്ഥിച്ചു, നേതാക്കള്‍ അനുവദിച്ചു. അന്ന് രാത്രി ടിഎസ് തിരുമുമ്പ് എഴുതിയതാണ് 'എന്റെ യുവത്വം' എന്ന ഈ കവിത. സംഘടനയില്‍ ചേരാന്‍/യുവാവാകാന്‍ പ്രായം തടസമാണോ എന്ന ചോദ്യമാണ് കവിതയിലെങ്ങും. സാമൂഹിക യാഥാര്‍ഥ്യങ്ങളോട് സമരസപ്പെടാത്ത യുവാക്കളുടെ ധീരതയാണ് ഓരോ വരിയും. അതിനാല്‍ തന്നെ യുവാക്കളുടെ ആവേശമായി മാറിയ ഈ കവിത, ബ്രിട്ടീഷ്-ജന്മിത്വ വിരുദ്ധ പോരാട്ടത്തിനുള്ള ഇന്ധനമായി പിന്നീട് മലബാറിലെങ്ങും മുഴങ്ങി
ആരാണ് ടി എസ് തിരുമുമ്പ്?
കവിതയുടെ പൂര്‍ണരൂപം
തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;
തല നരക്കാത്തതല്ലെന്‍ യുവത്വവും;
പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെന്‍ യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍
തലകുനിക്കാത്ത ശീലമെന്‍ യൗവനം;
ധനികധിക്കൃതിതന്‍ കണ്ണുരുട്ടലില്‍
പനിപിടിക്കാത്ത ശീലമെന്‍ യൗവനം;
വിഷമഘട്ടത്തിലേതിലും ചെറ്റുമേ-
പതറിടാത്ത ഹൃദയമെന്‍ യൗവനം!
വിരിവൊടക്രമം ചീറ്റിയടുക്കുമ്പോള്‍
പൊരുതുവാനാഞ്ഞണഞ്ഞെത്തുമക്ഷമ;
വഴിമുടക്കുന്ന മാമൂല്‍തലകളെ
പിഴുതെടുക്കുന്ന തീവ്രാസഹിഷ്ണുത;
പ്രതിനിമിഷം വളരാന്‍-വികസിക്കാന്‍-
കൊതിപെരുകിയുഴറുമശാന്തത;
അവശലോകത്തെ ഞെക്കിഞ്ഞെരുക്കുന്ന
ദുരധികാരത്തെ വെല്ലുവിളിക്കുവാന്‍,
പ്രഭുതതന്‍ വിഷപ്പല്ലു പറിക്കുവാന്‍,
വിഭുതയാളുമമോഘസുധീരത;
ഭയമൊരിത്തിരി തീണ്ടാത്ത പൗരുഷം;
അലസത ചളി തേക്കാത്ത ജീവിതം;
വിവിധ ദുഃഖങ്ങളാര്‍ത്തടുക്കുമ്പോഴും
വിരളമാവാത്ത ദുര്‍ദ്ധര്‍ഷവിക്രമം;
ജയലഹരിയില്‍ മങ്ങാത്ത തന്റേടം;
അപജയത്തില്‍ കലങ്ങാത്ത സൗഹൃദം;
ഇവയെഴുന്നോര്‍ സദാപി യുവാക്കന്മാ,-
രിവരയെഴാത്തവര്‍ വൃദ്ധരില്‍ വൃദ്ധരും!
നിരുപമം യുവലോകമുച്ഛൃംഖലം
സമരസന്നാഹമുണ്ടൊന്നൊരുക്കുന്നു!
ഉദധിയേഴും കലങ്ങിമറിയുമാ-
റഖിലലോകവും ഞെട്ടുന്ന മട്ടിലും
പഴകിജീര്‍ണ്ണിച്ചൊരിസ്സമുദായത്തിന്‍-
ഘടന മാറ്റിപ്പുതുക്കിപ്പണിയുവാന്‍
ഒരുമയോടൊരുമ്പെട്ട യുവത്വത്തിന്‍-
സമരകാഹളമുണ്ടതാ കേള്‍ക്കുന്നു!
അലയടിച്ചാര്‍ത്തിരമ്പുന്ന വിപ്ലവ-
ക്കടലിളകിമറിഞ്ഞു വരുന്നതാ!
കരുതിനില്‍ക്കുക! ദുഷ്ടസാമ്രാജ്യമേ!
കരുതിനില്‍ക്കുക! ദുഷ്ടപ്രഭുത്വമേ!
നിജനിജാധികാരായുധമൊക്കെയും
നിജശിരസ്സറ്റുവീഴുന്നതിന്‍മുമ്പെ,
അണിനിരക്കുന്ന യുവജനശക്തിതന്‍-
നികടഭൂവിലടിയറവെക്കുക!