പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ യുവതികളെ തടഞ്ഞുനിർത്തി മുഖത്തടിക്കുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികൾക്ക് രക്ഷപെടാൻ പഴുത് ഉണ്ടാക്കുകയാണ് പൊലീസ് ചെയ്തതെന്ന് യുവതികൾ ആരോപിക്കുന്നു. കേസിലെ പ്രതി ഇബ്രാംഹി ഷബീറിന്‍റെ അറസ്റ്റ് ഒഴിവാക്കി, മെയ് 19ന് അകം ഹൈക്കോടതിയിൽനിന്ന് ഇടക്കാല ജാമ്യം നേടുന്നതിനുള്ള അവസരും ഉണ്ടാക്കിക്കൊടുത്തു. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം.
അതിനിടെ സൈബർ പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസിൽ അടുത്തുദിവസം തന്നെ യുവതികൾ മജിസ്ട്രേറ്റിന് മൊഴി നൽകും. ഇതിന്‍റെ തുടർ നടപടിയുടെ ഭാഗമായി പ്രതിയുടെ മൊബൈൽ ഫോൺ പരപ്പനങ്ങാടി പൊലീസ് പിടിച്ചെടുത്തു. അതേസമയം കേസിലെ പ്രധാന ദൃക്സാക്ഷിയെയും വീഡിയോ ചിത്രീകരിച്ച യുവാവിനെയും കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
advertisement
Also Read- Malappuram| സഹോദരിമാരെ നടുറോഡിൽ മർദിച്ച കേസ്; പ്രതിക്ക് ഇടക്കാല ജാമ്യം
ഏപ്രിൽ 16നായിരുന്നു സംഭവം. അപകടകരമായി കാറോടിച്ചത് ചോദ്യം ചെയ്‌തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സഹോദരിമാരുടെ പുറകേ പോയ ഇബ്രാഹിം ഷബീർ കാർ സ്കൂട്ടറിന് കുറുകേയിട്ട് തടഞ്ഞു. ഇതിനു ശേഷം കാറിൽ നിന്നിറങ്ങിയ ഇബ്രാഹിം പെണ്‍കുട്ടികളെ നടുറോഡിലിട്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രതി അഞ്ച് തവണ മുഖത്തടിച്ചെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ആ സമയം യാത്രക്കാരിലൊരാൾ വീഡിയോയിൽ പകർത്തിയ രംഗങ്ങൾ വൈറലായതോടെയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
സംഭവത്തിൽ പരാതി നൽകിയിട്ടും കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിച്ചെന്നും സഹോദരിമാർ ആരോപിച്ചിരുന്നു. ഷബീറിനെതിരെ ആദ്യം നിസ്സാര വകുപ്പുകളായിരുന്നു ചുമത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് സംഭവം വാർത്തയായതോടെയാണ് പൊലീസ് പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നത്. ഷബീറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയതോടെ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആദ്യം നിസാര വകുപ്പുകൾ ചുമത്തി പൊലീസ് യുവാവിനെ സഹായിച്ചു എന്ന് വിവാദമായതിന് പിന്നാലെയാണ് കേസ് ശക്തമായത്. മുസ്ളീംലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷററായ സി.എച്ച് മഹമ്മൂദ് ഹാജിയുടെ മകനാണ് ഇബ്രാഹിം.