തീരദേശ മേഖലയായ വർക്കലയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയ നൂറു വർഷങ്ങൾ പിന്നിടുന്ന ഒരു സ്കൂളിനെ പറ്റി അറിയാം. നടയറയിലെ ഗവൺമെൻ്റ് മുസ്ലിം ഹൈസ്കൂൾ. പ്രവർത്തനമാരംഭിച്ചിട്ട് ഏതാണ്ട് 100 വർഷം പിന്നിടുന്നു. വർക്കലയിലും പരിസരപ്രദേശങ്ങളിലും ആരംഭിച്ച ആദ്യകാലത്തെ ചില ചുരുക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നു കൂടിയാണ് ഈ സ്കൂൾ. ഒരു വർഷം നീണ്ടു നിൽക്കുന്ന സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വി. ജോയി എംഎൽഎ അധ്യക്ഷത വഹിച്ചു.
advertisement
ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോടതി ജഡ്ജിയായ വനിത, തമിഴ്നാട് ഗവർണർ എന്നീ നിലകളിൽ പ്രശസ്തയായ ജസ്റ്റിസ് ഫാത്തിമ ബീവി നടയറ ഗവൺമെൻ്റ് മുസ്ലിം ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയായിരുന്നു. കേരള നിയമസഭാ സ്പീക്കറും മന്ത്രിയും എംഎൽഎയും ഒക്കെയായിരുന്ന ജി കാർത്തികേയൻ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥി ആണ്. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും നടയറ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു. സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു. നാടിൻ്റെ ചരിത്രത്തെ തന്നെ അടയാളപ്പെടുത്തുന്ന വിദ്യാലയം ആയതിനാൽ എക്കാലവും മികച്ച സ്വീകാര്യതയാണ് ഈ സ്കൂളിന് ലഭിക്കുന്നത്. ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്കാണ് സ്കൂൾ തുടക്കം ഇടുന്നത്.