ഇത്തവണ ആറു കൊല്ലത്തിനുശേഷം നടക്കുന്ന മുറജപവും ക്ഷേത്രത്തിൽ നടക്കും. നവംബർ 20നാണ് മുറജപം. അല്പശി ഉത്സവത്തിൻ്റെ ഭാഗമായി ശംഖുമുഖത്ത് നടക്കുന്ന ആറാട്ട് ഒക്ടോബർ 30 നാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ടുതവണ നടക്കുന്ന പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് അല്പശി ഉത്സവം. തമിഴ് മാസമായ ഐപ്പശി അഥവാ മലയാള മാസമായ തുലാത്തിൽ (ഒക്ടോബർ/നവംബർ) 10 ദിവസങ്ങളിലായാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. കൊടിയേറ്റോടുകൂടി ആരംഭിക്കുന്ന ഉത്സവത്തിൽ ദിവസവും എഴുന്നള്ളത്ത് (ഉത്സവ ശ്രീബലി) ഉണ്ടാകും.
advertisement
ഉത്സവത്തിൻ്റെ പ്രധാന ആകർഷണം ആറാട്ട് ഘോഷയാത്രയാണ്. പത്താം ദിവസം ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹം തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗത്തിൻ്റെ അകമ്പടിയോടെ ശംഖുമുഖം കടപ്പുറത്തേക്ക് എഴുന്നള്ളിച്ച് പുണ്യസ്നാനം (ആറാട്ട്) നടത്തുന്നതോടെയാണ് ഉത്സവം സമാപിക്കുന്നത്. ഈ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ ഈ സമയത്ത് അടച്ചിടാറുണ്ട്.
