കേരളത്തിലെ ഏറ്റവും വലുതും, അതിഗംഭീരവും പുരാതനവുമായ ശങ്കരനാരായണ ക്ഷേത്രമാണ് തിരുനാവായിക്കുളം. ശങ്കരനാരായണസ്വാമി മഹാക്ഷേത്രം, അദ്വൈതത്തിൻ്റെ പ്രതീകമായ ശിവൻ്റെയും മഹാവിഷ്ണുവിൻ്റെയും സംയോജിതരൂപമായി ശങ്കരനാരായണ ഭഗവാൻ ഇവിടെ വാണരുളുന്നു. ആദിശങ്കരാചാര്യനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആയ് രാജാക്കന്മാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം.
ശങ്കരനാരായണൻ്റെ ഭൈരവസ്വരൂപം ആരാധിക്കുന്ന ഏക ക്ഷേത്രമാണ് ഇവിടം. ആറടി ഉയരമുള്ള ചതുർബാഹുവിഗ്രഹത്തിൽ കടുവത്തോലും ജടയും ധരിച്ച് നാഗം കയ്യിലേന്തുന്ന വലത് പകുതി ശിവനെ പ്രതിനിധീകരിക്കുന്നു. രത്ന കിരീടവും കുണ്ഡലവും ധരിച്ച് പാഞ്ചജന്യം കയ്യിലേന്തുന്ന ഇടതു പകുതി വിഷ്ണുവിനെ പ്രതിനിധീകരിക്കുന്നു. ഓരോ ആയുധവും ഭഗവാൻ്റെ വ്യത്യസ്‌തമായ പ്രത്യേകതകൾ കാണിക്കുന്നു. തിന്മകളെ ഉന്മൂലനം ചെയ്യുന്നവനായും സംഹാരത്തിന് ശേഷം സൃഷ്ടിനടത്തുന്നവനായും സകല നാഗദോഷ നിവാരണനും നാഗാധിപതിയുമായ ശങ്കരനാരായണൻ്റെ ദ്വന്ദ്വസ്വഭാവത്തെ നാഗവും ശംഖും പ്രതീകപ്പെടുത്തുന്നു. കടീബന്ധം (ഇടുപ്പിൽ കൈ വയ്ക്കുന്നത്) ഭഗവാൻ്റെ സർവേശ്വരത്വം സൂചിപ്പിക്കുന്നു. മൂലവിഗ്രഹത്തിലെ വരദഹസ്‌തം മുന്നിലെത്തുന്ന ഓരോഭക്തനും അഭയവും ഇഷ്ടവരദായകനുമാണ് ഭഗവാനെന്നു സൂചിപ്പിക്കുന്നു.
advertisement
18-ാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ കായംകുളം രാജാവിൻ്റെ ഭരണത്തിൽ അകവൂർ മനയിലെ ഊരാളന് കീഴിലായിരുന്നു ക്ഷേത്രം. അക്കാലത്ത് തിരുവിതാംകുറിൻ്റെ സൃഷ്ടാവായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മക്ക് യക്ഷിയുടെ ഭീഷണി നേരിടേണ്ടി വന്നിരുന്നു. ദേവപ്രശ്‌നത്തിൽ ശിവൻ്റെയും വിഷ്ണുവിൻ്റെയും ശക്തികൾ ഒരുമിച്ചുള്ള ഭൂമിയിൽ മാത്രമേ ഈ യക്ഷിയെ കുടിയിരുത്താൻ കഴിയൂ എന്ന് കണ്ടപ്പോൾ ക്ഷേത്രസമുച്ചയത്തിനുള്ളിൽ ഒരു സെൻ്റ് സ്ഥലം വാങ്ങി അവിടെ യക്ഷിയമ്പലം അദ്ദേഹം പണിതു. ഈ അടുത്ത കാലംവരെ ഈ യക്ഷിക്ഷേത്രത്തിൻ്റെ എല്ലാ ചെലവുകളും തിരുവിതാംകൂർ രാജകുടുംബമായിരുന്നു വഹിച്ചിരുന്നത്.
AD-1439ലെ ശ്രീകോവിലിലെ ലിഖിതത്തിൽ വേണാട് ഭരണാധികാരി വീരരാമ മാർത്താണ്ഡവർമ്മ നടത്തിയ ക്ഷേത്രത്തിൻ്റെ പുനർനിർമ്മാണം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ ക്ഷേത്രം പണിതതിനുശേഷം 'ശങ്കരനാരായണ വെന്നുമാൻകൊണ്ട ഭൂതലവീര' (ശങ്കരനാരായണ ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിലൂടെ പ്രപഞ്ചത്തിൽ പ്രശസ്തനായവൻ) എന്ന് വേണാടിൻ്റെ ഭരണാധികാരി അറിയപ്പെടാൻ തുടങ്ങി. ക്ഷേത്രത്തിലെ ഏറ്റവും പഴക്കംചെന്ന ശിലാശാസനം പത്താം നൂറ്റാണ്ടിൽ ഏറനാട്ടിലെ കുമാരൻ കൺട്രൻ ക്ഷേത്രത്തിനു മുൻവശത്ത് മുടങ്ങാതെ നെയ്യ് വിളക്ക് കത്തിക്കുന്നതിന് വേണ്ടി പൊൻപണം മുടക്കി നിലം വാങ്ങി ക്ഷേത്ര ഊരാഴ്മക്കാരെ ഏൽപ്പിച്ചതിനെ പരാമർശിക്കുന്നതാണ്.
ഗർഭഗൃഹത്തിന് പുറമെ രണ്ട് അന്തരാളങ്ങളോട് കൂടിയ മഹാക്ഷേത്ര പദ്ധതിയിൽ നിർമ്മിച്ചിരിക്കുന്ന വിശാലമായ ശ്രീകോവിലിൽ വാഴുന്ന ശങ്കരനാരായണസ്വാമിക്ക് ഗണപതിയും, ഗോപാലകൃഷ്‌ണനും, ഹനുമാൻ സ്വാമിയും, ശാസ്താവും, യക്ഷിയമ്മയും, നാഗങ്ങളും, ഭഗവതിയും ഉപദേവതകളായി വസിക്കുന്നു. നാവായിക്കുളം ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള തിരുവുത്സവം 10 ദിവസങ്ങളിലായി ആഘോഷിക്കുന്നു. നാവായിക്കുളം ദേശക്കാരുടെ ദേശീയോത്സവമാണിത്. മേടത്തിൽ ഉതൃട്ടാതി നാളിൽ കൊടിയേറി തിരു ആറാട്ടോടെ ഉത്സവാഘോഷങ്ങൾക്ക് പരിസമാപ്തിയാകുന്നു.