തിരുവനന്തപുരം ശ്രീ. പത്മനാഭനൻ്റെ സന്നിധിയിൽ നിന്ന് ഏഴു കിലോമീറ്റർ കിഴക്കുമാറി സ്ഥിതിചെയ്യുന്ന പേയാടുള്ള ചിരപുരാതനമായ ശ്രീ. ചിറക്കോണം തമ്പുരാൻ ക്ഷേത്രം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ദേവസ്ഥാനത്തിന് വിഷ്‌ണുസ്ഥാനവുമായി ബന്ധമുണ്ട്.
തെക്ക് ഈശാനകോണിലുള്ള ശാസ്‌താവ്, തെക്കുപടിഞ്ഞാറുള്ള ദേവീസ്ഥാനം, തെക്കു ഭാഗത്തുള്ള വിഷ്‌ണുസ്ഥാനം, ശ്രീ ഗണപതി, നാഗത്താന്മാർ തുടങ്ങിയ ഉപദേവതകളുമായുള്ള തമ്പുരാൻ്റെ സാന്നിദ്ധ്യമാണ് ഈ ദേവാലയത്തിൻ്റെ പ്രത്യേകത. ജാതിമതഭേദമന്യേ നിരവധി ഭക്തജനങ്ങൾ പ്രസ്തുത ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നു.
എല്ലാ മാസവും ആയില്യം നാളിൽ നടക്കുന്ന ആയില്യപൂജയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുക്കുന്നു. മലയിൻകീഴ് പേയാട് ചിറക്കോണം തമ്പുരാൻ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന വാർഷിക ഗുരുതി ഉത്സവം മേടമാസത്തിൽ 3 ദിവസങ്ങളിലായി ആഘോഷിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് ചികിത്സ, വിവാഹം, ഉന്നത പഠനം എന്നിവയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നവർക്കായി ക്ഷേത്രം 11 വർഷമായി തുടർന്ന് നൽകുന്ന 'കാരുണ്യ സഹായ നിധി' യുടെ വിതരണം, കലാ സാംസ്കാരിക സമ്മേളനം, പൊങ്കാല, കൂടാതെ മറ്റ് ധനസഹായവും നൽകി വരുന്നു.
advertisement
മറ്റ് ക്ഷേത്രങ്ങൾ മാതൃകയാക്കേണ്ട മാതൃകാപരമായ ഒരു പദ്ധതിയാണിത്. ഉത്സവങ്ങൾ ക്ഷേത്രത്തിൻ്റെയും മൂർത്തിയുടെയും ചൈതന്യം വർദ്ധിക്കുന്നതിനൊപ്പം തദ്ദേശീയരുടെ ഊർജ്ജസ്വലതയുടെയും, ഐക്യത്തിൻ്റെയും ആഘോഷമാണ്. ഓരോ ഉത്സവവും പ്രദേശത്തിൻ്റെ ഊർജ്ജസ്വലമായ സംസ്കാരത്തിലേക്കുള്ള ആഹ്ളാദകരമായ കാഴ്ചകൾ അവതരിപ്പിക്കുന്നു. വിശേഷാൽ പൂജകളും, എഴുന്നള്ളിപ്പും, അന്നദാനവും, പ്രതിഭകൾ നിറഞ്ഞ കലാസംഗമങ്ങളും, ആഹ്ളാദകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനോടൊപ്പം ആചാരപരമായ ഓർമ്മപ്പെടുത്തലും കൂടിയാണ്. ഉത്സവത്തിന് മുടക്കുന്ന തുകയിൽ നിന്നും ഒരംശം ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിലൂടെ മാനവസേവ തന്നെയാണ് മാധവസേവയെന്ന സന്ദേശവുമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന നിരാലംബരായവരുടെ മുന്നിലേക്ക് കൂടിയാണ് ക്ഷേത്ര ഭാരവാഹികൾ എത്തുന്നത്.
എല്ലാ വിശേഷദിവസങ്ങളും ക്ഷേത്രത്തിൽ ആചാരാനുഷ്ടാനങ്ങളോടെ ആഘോഷിക്കുന്നു. വിനായക ചതുർത്ഥി, പൂജവയ്പ്പ്, വിദ്യാരംഭം, തൃക്കാർത്തിക, ദീപാവലി, ആയില്യംപൂജ, രാമായണമാസം, കൂടാതെ എല്ലാമാസത്തിലും വിശേഷാൽ പൂജകൾ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങൾ. മണ്ഡലകാലം 41 ദിവസവും വിശേഷാൽ പൂജകളോടെ ആചരിക്കുന്നു.
