ഐതിഹ്യങ്ങൾ ഉറങ്ങുന്ന പുരാതനമായ ശ്രീ കടലുകാണി മഹാദേവ ശിവക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പരശുരാമൻ പ്രതിഷ്ഠ നടത്തിയതായി വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ പുണ്യസങ്കേതം അതിൻ്റെ ചരിത്രപ്രാധാന്യം കൊണ്ടും ഏറെ ശ്രദ്ധേയമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് സന്യാസിവര്യന്മാർ തപസ്സനുഷ്ഠിച്ചിരുന്ന ഗുഹകളും കൂറ്റൻ പാറക്കെട്ടുകളും ക്ഷേത്രത്തിൻ്റെ ഐതിഹ്യങ്ങൾക്ക് മിഴിവേകുന്നു. വിശ്വാസികൾക്ക് ആത്മീയ ചൈതന്യം പകരുന്നതിനൊപ്പം തന്നെ ചരിത്രകുതുകികൾക്ക് പഠനവിഷയമാക്കാവുന്ന അനേകം ഘടകങ്ങൾ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്.
വർക്കലയിലെ കടൽത്തീരവും പൊന്മുടിയിലെ കോടമഞ്ഞും ഒരുപോലെ കൺമുന്നിലെത്തുന്ന ഈ മലമുകളിലെ കാഴ്ചകൾ സമാനതകളില്ലാത്ത അനുഭവമാണ് പ്രധാനം ചെയ്യുന്നത്. പാറക്കെട്ടുകൾക്കിടയിലുള്ള ഗുഹാക്ഷേത്രം കാണാൻ എത്തുന്നവർക്ക് പ്രകൃതിയുടെ ശാന്തതയും കുളിർമ്മയും നേരിട്ട് അനുഭവിക്കാനാകും. പച്ചപ്പാൽ ചുറ്റപ്പെട്ട ഈ പ്രദേശം ആത്മീയ ആശ്വാസം തേടിയെത്തുന്നവർക്ക് മികച്ചൊരു സങ്കേതമായി മാറിക്കഴിഞ്ഞു.
advertisement
ടൂറിസം വകുപ്പിൻ്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃത്യമായ ഇടപെടലുകളുണ്ടായാൽ കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായി കടലുകാണിപ്പാറ മാറും എന്നതിൽ സംശയമില്ല. ഗതാഗത സൗകര്യങ്ങളുടെ ലഭ്യതയും ഈ പ്രദേശത്തിൻ്റെ വികസനത്തിന് ആക്കം കൂട്ടുന്നു. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതോടെ സംസ്ഥാനത്തെ പ്രധാന തീർത്ഥാടന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഇത് ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കേരളത്തിൻ്റെ തനതായ ഗുഹാക്ഷേത്ര നിർമ്മിതിയും മനോഹരമായ മലമ്പ്രദേശവും ഒത്തുചേരുന്ന കടലുകാണിപ്പാറ, ആഭ്യന്തര വിനോദസഞ്ചാരികളെയും തീർത്ഥാടകരെയും ഒരുപോലെ സ്വാഗതം ചെയ്യുകയാണ്.
ഭക്തിയും പ്രകൃതിയും ഒത്തുചേരുന്ന ഇത്തരം കേന്ദ്രങ്ങളുടെ സംരക്ഷണം പൈതൃക ടൂറിസത്തിൻ്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. ശാന്തമായ അന്തരീക്ഷത്തിൽ മഹാദേവൻ്റെ അനുഗ്രഹം തേടാനും പ്രകൃതിയുടെ വിസ്മയക്കാഴ്ചകൾ കാണാനുമായി കടലുകാണിപ്പാറയിലേക്ക് എത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്.
