ശ്രീകൃഷ്ണനും, ശിവ-പാർവ്വതിയുമാണ് ഇവിടെ ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നത്. ഇരുമൂർത്തികൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് ക്ഷേത്രത്തിന് രണ്ടു കൊടിമരങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വളരെ മനോഹരമായി പരിപാലിക്കപ്പെടുന്ന ഈ ക്ഷേത്രപരിസരം ഭക്തി നിർഭരവും ശാന്തവും പ്രകൃതിയോട് ഇണങ്ങിയതുമായ ഒരന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഈശ്വരനാമജപവും ഭക്തിഗാനാലാപനവും, വിശിഷ്ട ഹോമദ്രവ്യങ്ങളിൽ നിന്നുള്ള ധൂമങ്ങളും, വേദമന്ത്രങ്ങളിൽ നിന്നുള്ള നാദവീചികളും ക്ഷേത്രാന്തരീക്ഷം പരിശുദ്ധമാക്കുന്നു.
ശ്രീകൃഷ്ണനുമായും, ശിവപാർവ്വതിമാരുമായും ബന്ധപ്പെട്ട എല്ലാ വിശേഷദിവസങ്ങളും ഇവിടെ ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിക്കപ്പെടുന്നു. ശിവരാത്രി, തിരുവാതിര, പ്രദോഷം തുടങ്ങിയ ശിവനുമായി ബന്ധപ്പെട്ട ദിവസങ്ങളും, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി (ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയായ കുചേല ദിനം എന്നിവയും പ്രധാനമാണ്. മേടമാസത്തിലെ വിഷു, എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ച, ഏകാദശി, കൂടാതെ എല്ലാ മാസത്തിലെയും തിരുവോണനക്ഷത്രം എന്നിവയും ക്ഷേത്രത്തിലെ വിശേഷ ദിനങ്ങളാകുന്നു.
advertisement
വൃശ്ചികമാസത്തിലെ മണ്ഡലം തുടങ്ങി ധനുമാസം അവസാനിക്കുന്നത് വരെയും ഇവിടെ പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു വരുന്നു. ഏലാപ്പുറം ശ്രീകൃഷ്ണ ശിവ-പാർവ്വതി ക്ഷേത്രം ഭക്തിയുടെയും പൈതൃകത്തിൻ്റെയും ശാന്തതയുടെയും കേന്ദ്രമായി ഭക്തർക്ക് അനുഗ്രഹം നൽകിക്കൊണ്ട് നിലകൊള്ളുന്നു.
