വീണ്ടും വെട്ടുകാട് തിരുന്നാൾ എത്തുകയായി. തിരുവനന്തപുരം ജില്ലയിലെ വലിയ മതപരമായ ആചാരങ്ങളിൽ ഒന്നാണ് വെട്ടുകാട് തിരുന്നാൾ. ജില്ലയിലെ തന്നെ ഏറ്റവും അധികം എത്തുന്ന ക്രൈസ്തവ ആരാധനാലയമാണ് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയം. വളരെ പ്രശസ്തമായ വെട്ടുകാട് പള്ളിയിലെ ഈ വർഷത്തെ തിരുനാൾ നടക്കുന്നത് 2025 നവംബർ 14 മുതൽ 2025 നവംബർ 23 വരെയാണ്. തിരുവുത്സവത്തിൻ്റെ ഒന്നാം ദിവസമായ നവംബർ 14 ജില്ലയിലെ രണ്ട് താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
advertisement
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ടര കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് വെട്ടുകാട് പള്ളി (മാദ്രെ ദെ ദേവൂസ്, ദേവാലയം). തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പ്രധാന തീർത്ഥാടനകേന്ദ്രമാണ് വെട്ടുകാട്. ഭാരതത്തിൻ്റെ രണ്ടാം അപ്പോസ്തലൻ എന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ പാദസ്പർശനത്താൽ അനുഗൃഹീതമായ പുണ്യഭൂമിയാണ് വെട്ടുകാടെന്ന് വിശ്വസിക്കപ്പെടുന്നു. പോർച്ചുഗീസ് മിഷണറിമാരുടെ വരവിന് മുൻപു തന്നെ, വെട്ടുകാട്ടിൽ ഒരു ജപാലയം ഉണ്ടായിരുന്നതായും ഒരു ക്രൈസ്തവ സമൂഹം ഇവിടെ നിലനിന്നിരുന്നതായും പാരമ്പര്യ വിശ്വാസമുണ്ട്.
'മാദ്രെ' എന്ന ഇറ്റാലിയൻ പദത്തിൻ്റെയും 'ദെ ദേവൂസ്' എന്ന പോർച്ചുഗീസ് പദങ്ങളുടെയും സമ്മിശ്ര രൂപമായ 'മാദ്രെ ദെ ദേവൂസ്' എന്ന നാമമാണ് ദേവാലയത്തിന് നൽകിയിരിക്കുന്നത്. 'ദൈവത്തിൻ്റെ അമ്മ' എന്നാണ് ഈ പദങ്ങളുടെ അർത്ഥം. കന്യകാമറിയത്തിൻ്റെ നാമത്തിലാണ് ഇവിടുത്തെ ദേവാലയം സ്ഥാപിതമായിരിക്കുന്നത്.
