ശാന്തമായ ക്ഷേത്രദർശനം ആഗ്രഹിക്കുന്നവരും, സമ്പന്നമായ സാംസ്കാരിക പൈതൃകം പര്യവേക്ഷണം ചെയ്യുന്നവരും ഒരിക്കലെങ്കിലും തീർച്ചയായും സന്ദർശിക്കേണ്ട ക്ഷേത്രമാണ് ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. നമ്മുടെ ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നും മോചനം ലഭിക്കാൻ പറ്റിയ ഒരിടം. ക്ഷേത്രത്തിനോട് ചേർന്നുള്ള വിശാലമായ ഋഷിമംഗലം ക്ഷേത്രക്കുളം, ഭക്തർക്കും സന്ദർശകർക്കും ഒരുപോലെ കുളിർമ്മ പകരുന്നു. ഇത് ആത്മീയ ഊർജ്ജം വർദ്ധിപ്പിക്കുന്നതോടോപ്പം നല്ല ചിന്തകളെയും, നല്ല ഭാവനകളെയും, സമാധാനപരമായ വികാരങ്ങളെയും ഉത്തേജിപ്പിക്കുന്നു. 'പുഷ്കരിണി' എന്ന് വിളിക്കപ്പെടുന്ന ഈ ക്ഷേത്രക്കുളം, ക്ഷേത്ര സമുച്ചയത്തിൻ്റെ ഒരു പ്രധാന ഭാഗമായി വർത്തിക്കുന്നു.
advertisement
ആരാധനയ്ക്കായി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള ശുദ്ധീകരണ ചടങ്ങുകൾ ഉൾപ്പെടെ വിവിധ മതപരമായ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ഈ കുളം ഉപയോഗിക്കുന്നു. ഋഷിമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അതിൻ്റെ ചരിത്രപരമായ പ്രാധാന്യത്തിനും മനോഹരമായ വാസ്തുവിദ്യയ്ക്കും പേരുകേട്ടതാണ്. ചുമർചിത്രങ്ങളാൽ അലംകൃതമായ ചുറ്റമ്പലവും കൊത്തുപണികളാൽ അലംകൃതമായ ക്ഷേത്ര തൂണുകളും ദൃശ്യ വിരുന്നൊരുക്കുന്നു.
ഋഷിമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവവും ദശാവതാര ചാർത്ത് ദർശനവും പ്രസിദ്ധമാണ്. വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്ന ക്ഷേത്രോത്സവത്തിന് ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരുന്നു. വെണ്ണ നൈവേദ്യവും, നെയ്യ് വിളക്കുമാണ് പ്രധാന വഴിപാടുകള്‍. രാജഗോപാലമന്ത്ര പുഷ്പാഞ്ജലി, പുരുഷസൂക്ത പുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകള്‍ തന്നെ.