ജഡ്ജിക്കുന്നിൻ്റെ മുകളിൽ നിന്നുള്ള കാഴ്ച
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിലാണ് ഈ കുന്നുള്ളത്. വിശാലമായ ഈ പ്രദേശത്തിന് ജഡ്ജിക്കുന്ന് എന്ന പേരു കിട്ടിയതിന് പിന്നിലും വലിയൊരു കഥയുണ്ട്. വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം നഗരത്തിലെ വളരെ പ്രമുഖനായ ഒരു ജഡ്ജി ഇവിടെ സ്ഥലം വാങ്ങി. കുന്നിൻ മുകളിലേക്ക് യാത്ര ചെയ്യുന്നതിനായി അദ്ദേഹം ഒരു ചെറു റോഡും തയ്യാറാക്കി. ഈ റോഡിലൂടെ കുതിരവണ്ടിയിൽ ആയിരുന്നത്രേ ജഡ്ജി യാത്ര ചെയ്തിരുന്നത്. ഇതോടെ ജഡ്ജി താമസിച്ചിരുന്ന കുന്നിന് ജഡ്ജി കുന്ന് എന്ന പേരും വീണു.
advertisement
ജഡ്ജി തൻ്റെ വിശ്രമ ജീവിതത്തിനായി വാങ്ങിയ ഈ സ്ഥലം അദ്ദേഹത്തിൻ്റെ മരണശേഷം പിന്നീട് സ്വകാര്യ വ്യക്തികൾ വാങ്ങുകയായിരുന്നു. ജഡ്ജിയുടെ ശവക്കല്ലറ ഇപ്പോഴും കുന്നിൻ മുകളിലുണ്ട്. സ്ഥലത്തിൻ്റെ പ്രത്യേകതയും പേരും പൊടിപ്പും തൊങ്ങലും വെച്ച കഥകളും ഒക്കെ ചേർത്ത ചിലരിവിടെ പ്രേതബാധയുണ്ടെന്നും പറയുന്നുണ്ട്. അത്തരം കഥകൾ സജീവമാണ്. ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപ് വരെ സാമൂഹിക വിരുദ്ധരുടെ ശല്യവും പ്രദേശത്ത് ഉണ്ടായിരുന്നു. കുടുംബസമേതം ഇങ്ങോട്ട് യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചുവേണം എത്താൻ. തിരുവനന്തപുരം നഗരത്തിൻ്റെ ആകാശക്കാഴ്ച വളരെ വ്യക്തമായി ഇവിടെ നിന്ന് കാണാനാകും. ബീമാപള്ളിയും തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ടും ഒക്കെ കുന്നിൻ മുകളിൽ നിന്നാൽ കാണാനാകും. ജഡ്ജിക്കുന്നിലെ കാഴ്ചകൾ ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല.