ഇതോടെ വിഷരഹിതവും ഗുണമേന്മയുള്ളതുമായ തണ്ണിമത്തൻ പ്രാദേശികമായി തന്നെ ലഭ്യമാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മണ്ഡലം അധികൃതരും കർഷകരും. പുറത്തുനിന്ന് എത്തുന്ന രാസവസ്തുക്കൾ കലർന്ന പഴവർഗ്ഗങ്ങൾക്ക് പകരമായി ജനങ്ങൾക്ക് പൂർണ്ണമായും വിശ്വസിച്ച് ഉപയോഗിക്കാവുന്ന തണ്ണിമത്തൻ സ്വന്തം നാട്ടിൽ തന്നെ വിളയിച്ചെടുക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.
മണ്ഡലത്തിലെ കാർഷിക മേഖലയെ ഉണർത്തുന്നതിനൊപ്പം സാധാരണക്കാർക്ക് ന്യായമായ വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും ഈ വിപുലീകരണം സഹായിക്കും. വരും ദിവസങ്ങളിൽ കാട്ടാക്കടയുടെ തണ്ണീർമത്തൻ ദിനങ്ങൾ കൂടുതൽ സജീവമാകുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ജലസമൃദ്ധി, ഓണക്കാലത്ത് തദ്ദേശീയമായി പുഷ്പ കൃഷി വ്യാപിപ്പിക്കുക എന്നിങ്ങനെ നിരവധി കാർഷിക, കാർഷിക ഇതര പദ്ധതികൾ വിജയാടിസ്ഥാനത്തിൽ കാട്ടാക്കടയിൽ നടത്തിവരുന്നുണ്ട്. സാധാരണയായി കേരളത്തിൽ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്തുകളുടെയോ അല്ലെങ്കിൽ സർക്കാർ പദ്ധതികളുടെയോ ഭാഗമായി തണ്ണിമത്തൻ കൃഷി വ്യാപിക്കുന്നത് അത്രപരിചിതമല്ല. ഈ സാഹചര്യത്തിലാണ് കാട്ടാക്കടയിൽ നിന്ന് 100 മേനി വിജയം കൊയ്യുന്ന തണ്ണിമത്തൻ കൃഷിയുടെ പാഠങ്ങൾ പുതുതലമുറ കർഷകരെ കൂടി ആവേശത്തിലാഴ്ത്തുന്നത്.
advertisement
