മലബാറി വിഭാഗത്തിലെ ആടുകള്‍ക്കായുള്ള പ്രത്യേക കേന്ദ്രമായ പാറശാല ഗവ. ആടുവളര്‍ത്തല്‍ കേന്ദ്രം സെൻ്റര്‍ ഓഫ് എക്‌സലന്‍സ് നിലവാരത്തിലേക്ക് ഉയരുന്നു. പാറശാല പരശുവയ്ക്കലില്‍ സ്ഥിതിചെയ്യുന്ന ആട് ഫാം ഈ വിഭാഗത്തില്‍ നിന്ന് ആദ്യമായി മികവിൻ്റെ കേന്ദ്രമാവുന്ന ഒന്നാണ്. മലബാറി വിഭാഗത്തിലെ ആട്ടിന്‍കുട്ടികളെ ബുക്കിംഗ് അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് വില്‍ക്കുന്ന കേന്ദ്രമാണിത്. നിലവില്‍ അഞ്ച് ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ഫാമിൽ 300 ആടുകളാണ് ഉള്ളത്. പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കെട്ടിടങ്ങളിലാണ് ആടുകളെ പാര്‍പ്പിക്കുന്നത്. മികവിൻ്റെ കേന്ദ്രമാവുന്നതോടെ ഇരുനിലകളിലായി പണിത പുതിയ കെട്ടിടങ്ങൾ കൂടി പ്രയോജനപ്പെടുത്തി 1000 ആടുകളെ ഒരേസമയം വളര്‍ത്താന്‍ സാധിക്കും.
advertisement
ഫാര്‍മില്‍ പ്രാദേശിക നിവാസികളായ 10 പേര്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ നിലവാരത്തിലേക്ക് ഉയരുന്നത്തോടെ ഇരുപതോളം പേര്‍ക്ക് തൊഴില്‍ നല്‍കാനാകും. അതിനുപുറമെ ഫാമിൻ്റെ വിപുലീകരണം മുന്നില്‍ കണ്ട് 18 ഏക്കര്‍ സ്ഥലവും ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആടുകളെ പാര്‍പ്പിക്കാനുള്ള പുതിയ കെട്ടിടങ്ങള്‍ ഒക്ടോബറിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അതോടൊപ്പം മികവിൻ്റെ കേന്ദ്രമാകുന്ന പ്രഖ്യാപനവും നടത്തുമെന്ന് സി കെ ഹരീന്ദ്രന്‍ എംഎല്‍എ പറഞ്ഞു.
നിലവില്‍ യുവ കര്‍ഷകരടക്കം ഫാമിലെ ബുക്കിംഗ് ലിസ്റ്റില്‍ ഉണ്ട്. അടുത്ത മാസത്തിനുശേഷം ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് പെട്ടെന്ന് തന്നെ ആട്ടിന്‍കുട്ടികളെ നല്‍കാനാവും. ആടുകള്‍ക്ക് കേരള ഫീഡ്സില്‍ നിന്നും എത്തിക്കുന്ന പ്രീമിയം തീറ്റയാണ് നല്‍കുന്നത്. അതിനുപുറമേ ആടൂകൾക്ക് ആവശ്യമായ പുല്ല് ഫാര്‍മില്‍ തന്നെ കൃഷി ചെയ്യുന്നുമുണ്ട്. മികവിൻ്റെ കേന്ദ്രമായി ഉയരുന്നതിലൂടെ കൂടുതല്‍ സ്ഥലത്ത് പുല്‍കൃഷിയും ആരംഭിക്കും.
ഫാമിലെ വിസര്‍ജ്യങ്ങളും മാലിന്യങ്ങളും കൃത്യമായി സംസ്‌ക്കരിക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ആടുകളുടെ വിസര്‍ജ്യം വളമാക്കി മാറ്റി പുറത്ത് വില്‍ക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഉടനെ ആരംഭിക്കും. മികവിൻ്റെ കേന്ദ്രമാകുന്ന പാറശ്ശാല ഗവ. ആടുവളര്‍ത്തല്‍ ഫാം പുതിയ പല അവസരങ്ങളും ഈ മേഖലയില്‍ സൃഷ്ടിക്കുന്ന ഒന്നാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ.