ഭക്തി നിര്‍ഭരവും ശാന്തവും പ്രകൃതിയോട് ഇണങ്ങിയതുമായ അന്തരീക്ഷം ആണ് ഈ ക്ഷേത്രപരിസരത്തിന്‍റെ പ്രത്യേകത. ഇഷ്ടവരപ്രദായിനിയായ ദുർഗ്ഗാദേവിയും, ശ്രീ ഭദ്രകാളിയും മറ്റ് ഉപദേവന്മാരും വിളങ്ങുന്ന പുണ്യസങ്കേതമാണ് നെല്ലിക്കാവ് ശ്രീ ദുർഗാദേവി ക്ഷേത്രം. ആണ്ടുതോറുമുള്ള ക്ഷേത്രത്തിലെ ഉത്സവം കുംഭമാസത്തിൽ ‘തിരുവാതിര തിരുനാള്‍ മഹോത്സവ’ മായി 5 ദിവസങ്ങളിലായി ആഘോഷിക്കുന്നു.
ഉത്സവത്തോടനുബന്ധിച്ചുള്ള 'ജീവിത' എഴുന്നള്ളത്ത് ക്ഷേത്രത്തിലെ ഒരു പ്രത്യേകതയാണ്. നെല്ലിക്കാവ് ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ സമാപന ദിവസമായ 5-ാം ദിവസമാണ് ജീവിത എഴുന്നള്ളിപ്പ് ഘോഷയാത്ര. സാധാരണ മധ്യകേരളത്തിൽ (ഓണാട്ടുകര) ദേവീ ക്ഷേത്രങ്ങളിൽ ഉത്സവത്തിന് ദേവിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന പ്രത്യേക ആചാരമാണ് ജീവിത എഴുന്നള്ളത്ത്.
advertisement
ജീവിത എന്ന വാക്കിൻ്റെ അർത്ഥം ദേവിയുടെ 'ജീവ ചൈതന്യം' എന്നാണ്. ഒരുപക്ഷേ പ്രധാനപ്പെട്ട ക്ഷേത്ര ആചാരമായ 'ശീവേലി'യിൽ നിന്ന് ഉരുത്തിരിഞ്ഞതായിരിക്കാം ഇതെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രധാന ദേവൻ/ദേവി മറ്റ് ദേവതകളെയും 'അഷ്ടദിക് പാലകനെയും' സന്ദർശിക്കാൻ വരുന്ന സന്ദർഭമായാണ് ഈ ആചാരം കണക്കാക്കപ്പെടുന്നത്. രണ്ട് മീറ്റർ നീളമുള്ള രണ്ട് തേക്കിൻ കഴകളിൽ ഉറപ്പിച്ചിട്ടുള്ള അലങ്കരിച്ച പല്ലക്ക് പോലുള്ള രൂപത്തിൽ ദേവൻ്റെ/ദേവിയുടെ തിടമ്പ് പ്രതിഷ്ഠിച്ച് തോളിലേറ്റി പ്രത്യേക രീതിയിലുള്ള താളത്തിനൊത്ത് ചുവടുകൾ വക്കുന്നു. ജീവിത എഴുന്നള്ളത്ത് (ഘോഷയാത്ര) സമയത്ത് ഉപയോഗിക്കുന്ന താളങ്ങൾ വളരെ ശ്രദ്ധേയമാണ്. ലക്ഷ്മി, അടന്ത, ചെമ്പട, തൃപ്പൂട്ട, പഞ്ചാരി, വിഷ കുണ്ഡലം എന്നിങ്ങനെ നിരവധി 'താളങ്ങൾ' (അടികൾ) ഉപയോഗിക്കുന്നു. പ്രത്യേക പരിശീലനം സിദ്ധിച്ച നമ്പൂതിരിമാരാണ് താളം ചവിട്ടൽ നടത്തുന്നത്.
സമൂഹപൊങ്കാല, നാഗരൂട്ട്, ജീവിത എഴുന്നള്ളിപ്പ്, അന്നദാനം, നാലാം ഉത്സവനാളിലെ തിരുവാഭരണ അങ്കി ഘോഷയാത്ര, വർണ്ണാഭമായ വിളക്കെഴുന്നള്ളിപ്പ്, താലപ്പൊലി, കലാസംസ്കാരിക പരിപാടികൾ എല്ലാം ഉത്സവത്തിൻ്റെ ആകർഷണങ്ങളാണ്. എല്ലാ വിശേഷദിവസങ്ങളും ക്ഷേത്രത്തിൽ ആചാരാനുഷ്ടാനങ്ങളോടെ ആചരിക്കുന്നു. കന്നിമാസത്തിലെ നവരാത്രി വളരെയേറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.
