കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന് ഒന്നടങ്കം അഭിമാനകരമാണ് ഈ കുഞ്ഞിൻ്റെ പ്രവൃത്തിയെന്ന് പഞ്ചമിക്ക് അഭിനന്ദനമർപ്പിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കായികമേളയുടെ അക്കോമഡേഷൻ സെൻ്ററുകളിൽ ഒന്നായിരുന്നു നേമം വിക്ടറി ഗേൾസ് സ്കൂൾ. എറണാകുളം ജില്ലയിൽ നിന്നുള്ള കായികതാരങ്ങൾ താമസിച്ചിരുന്ന ക്ലാസ് മുറിയിൽ നിന്നാണ് പഞ്ചമിയ്ക്ക് സ്വർണ്ണമാല ലഭിച്ചത്. വിവരം ഉടൻതന്നെ ക്ലാസ് ടീച്ചറായ അതുല്യ ടീച്ചറെ അറിയിക്കുകയും, പ്രഥമ അധ്യാപികയുടെ ചാർജ് വഹിക്കുന്ന ഇന്ദു ടീച്ചർ മുഖേന നേമം പോലീസ് സ്റ്റേഷനിൽ വിവരം കൈമാറി മാല യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
advertisement
വിദ്യാഭ്യാസ അവകാശത്തിനായി ചരിത്രപരമായ പോരാട്ടം നയിച്ച മഹാത്മാ അയ്യൻകാളിയുടെ നേതൃത്വത്തിൽ പഞ്ചമി പഠിക്കാനെത്തിയ ഊരുട്ടുമ്പലത്തിൻ്റെ മണ്ണിൽ നിന്ന് സത്യസന്ധതയുടെ പ്രതീകമായി മറ്റൊരു പഞ്ചമി കൂടി വരുന്നത് ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്ന കാര്യമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഊരുട്ടുമ്പലം വേലിക്കോട് വൈഗാലയത്തിൽ സജിതകുമാറിൻ്റെയും ദിവ്യയുടെയും മകളാണ് പഞ്ചമി.
