ഈ മനം കവരുന്ന സൗന്ദര്യം കാരണം ഡിസംബറിൽ പൊൻമുടിയിൽ റെക്കോർഡ് തിരക്കാണ് അനുഭവപ്പെടുന്നത്. ക്രിസ്മസ് അവധി ആരംഭിക്കുന്നതിന് മുൻപാണ് ഈ തിരക്ക് എന്നുകൂടി ഓർമിക്കണം. സോഷ്യൽ മീഡിയയിലും പൊൻമുടി റീലുകൾ തരംഗമായി മാറിക്കഴിഞ്ഞു.
ഡിസംബർ മാസത്തോടെ പൊൻമുടിയിലെ താപനില ഗണ്യമായി കുറയാൻ തുടങ്ങുന്നു. പകൽ പോലും നേരിയ തണുത്ത കാറ്റ് വീശിയടിക്കുന്ന ഈ സമയം, നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരിടമാണ്. ഡിസംബറിലെ പൊൻമുടിയിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് പുലർകാലത്തെ കോടമഞ്ഞാണ്. സൂര്യൻ ഉദിച്ചുയരുമ്പോഴും താഴ്വരകളെ പുതപ്പിച്ച് നിൽക്കുന്ന നേർത്ത മൂടൽമഞ്ഞ്, ഒരു വെള്ളി പുതപ്പ് വിരിച്ചതുപോലെ മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
advertisement
ഈ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബ് ഷോർട്ട്സുകളിലൂടെയും ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. തണുത്ത കാറ്റേറ്റ്, ചുറ്റും പടർന്നു കിടക്കുന്ന നിബിഡമായ പച്ചപ്പും തേയിലത്തോട്ടങ്ങളും കുന്നിൻചെരുവുകളും കാണുന്നത് ഉന്മേഷദായകമായ അനുഭവമാണ്. സഞ്ചാരികൾക്ക് ഗോൾഡൻ പീക്ക് നൽകുന്ന മനോഹരമായ കാഴ്ചകൾ, കല്ലാർ നദി ഒഴുകി നീങ്ങുന്ന കാലാർ വ്യൂപോയിൻ്റ്, കല്ലാർ നദിയിലെ തെളിഞ്ഞ വെള്ളത്തിൽ കുളിക്കാൻ സൗകര്യമുള്ള ഗോൾഡൻ വാലി, വനസംരക്ഷണ വകുപ്പിൻ്റെ അനുമതിയോടെ ചെയ്യാവുന്ന ട്രെക്കിംഗ് പാതകൾ എന്നിവയെല്ലാം പൊൻമുടിയുടെ ആകർഷണങ്ങളാണ്.
ഡിസംബറിൽ പൊൻമുടി സന്ദർശിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് യാത്ര കൂടുതൽ മികച്ചതാക്കും. രാവിലെയും വൈകുന്നേരങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്നതിനാൽ തണുപ്പിനെ മറികടക്കാൻ ആവുന്ന വസ്ത്രങ്ങൾ, ഷാൾ, ജാക്കറ്റ് എന്നിവ കരുതേണ്ടത് അത്യാവശ്യമാണ്. കൂടാതെ, വളഞ്ഞുപുളഞ്ഞ മലമ്പാതകളിലൂടെയുള്ള യാത്രയിൽ, കോടമഞ്ഞ് കാരണം റോഡിൽ കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിച്ച് വാഹനമോടിക്കുക.
ട്രെക്കിംഗിന് പ്ലാനുണ്ടെങ്കിൽ നടക്കാൻ സൗകര്യമുള്ള ഷൂസ്, ക്യാമറ, പവർ ബാങ്ക് എന്നിവയും കരുതുന്നത് നല്ലതാണ്. ഡിസംബറിലെ ഈ തണുപ്പിൽ, പ്രകൃതിയുടെ സൗന്ദര്യം അടുത്തറിയാനും മനസ്സും ശരീരവും റീചാർജ് ചെയ്യാനും പൊൻമുടി നിങ്ങളെ മാടി വിളിക്കുന്നു.
