പണ്ട് ധാരാളം സ്വത്ത് വകകൾ ഉണ്ടായിരുന്ന ക്ഷേത്രമായിരുന്നു ഇത്, പക്ഷെ ഇന്ന് ക്ഷേത്രം നിലകൊള്ളുന്ന ഭൂമി മാത്രമാണ് ക്ഷേത്രത്തിനുള്ളത്. കൃത്യമായ പഴക്കം കണക്കാക്കാൻ സാധിച്ചിട്ടില്ലെങ്കിലും ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൻ്റെയും ചുറ്റമ്പലത്തിൻ്റെയും നിർമ്മാണ വൈദഗ്ധ്യവും, കരിങ്കല്ലിലുള്ള കൊത്തുപണികളും മനസ്സിലാക്കി ആയിരത്തോളം വർഷത്തെ പഴക്കമാണ് ക്ഷേത്രത്തിന് കണക്കാക്കിയിരിക്കുന്നത്. ശംഖ് ചക്രാ ഗഥാ പദ്‌മാ ധാരിയായി ചതുർബാഹുവായ ശ്രീ കൃഷ്ണഭഗവാനെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ തൃശ്ശൂരിലെ മമ്പള്ളി മന തന്നെയാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു.
advertisement
നിർമ്മാണത്തിന് ശേഷം ക്ഷേത്രം നടത്തിപ്പ് പുല്ലയിൽ അറപ്പുര മഠത്തിൽ നിക്ഷിപ്തമായി. നാളിതുവരെയും അവരാണ് ക്ഷേത്രനടത്തിപ്പ് ഭംഗിയായി നടത്തിപ്പോന്നത്. പല കാരണങ്ങളാൽ ക്ഷേത്രപരിപാലനം സാധിക്കാതെ വന്നപ്പോൾ ക്ഷേത്രം നാശത്തിൻ്റെ വക്കിലായി. ഇതേത്തുടർന്ന് അറപ്പുര മഠക്കാർ ക്ഷേത്രം നാട്ടുകാർക്ക് വിട്ടുകൊടുക്കാൻ സന്നദ്ധമായി. തുടർന്ന് 2013 ൽ ക്ഷേത്ര നടത്തിപ്പിനായി നാട്ടുകാരുടെ ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ക്ഷേത്രഭരണം നടത്തിവരുകയും ചെയ്യുന്നു. ഇന്ന് ദിവസവും രണ്ട് നേരം പൂജയും വിശേഷ ദിനങ്ങളിൽ വിശേഷാൽ പൂജകളും നടത്തിവരുന്നു. തൃശ്ശൂരുള്ള തരണനെല്ലൂർ മഠത്തിനാണ് ക്ഷേത്രത്തിൻ്റെ താന്ത്രിക അവകാശം.
ക്ഷേത്രത്തിൻ്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ അയ്യപ്പൻ, ഗണപതി, ശിവൻ, എന്നിവർ ഒറ്റ ശ്രീകോവിലിൽ ഉണ്ട്. വലിയ ആലിന് സമീപം നാഗയക്ഷി അമ്മയെയും ആരാധിക്കുന്നു. മനോഹരമായ വട്ടശ്രീകോവിലിലാണ് ദേവൻ കുടികൊള്ളുന്നത്. പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ചിട്ടുള്ള വട്ടശ്രീകോവിൽ മനോഹരമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ആനയുടെയും കുതിരയുടെയും മുഖങ്ങൾ കോർത്തിണക്കി നിർമ്മിച്ച മൃഗമാല മനോഹരമായ കാഴ്ചയാണ്.
ശ്രീകോവിലിലേക്കുള്ള സോപാന പടികളിൽ ദേവീ ദേവന്മാരുടെ കൊത്തുപണികൾ കൊണ്ട് ഇരു വശങ്ങളും അലങ്കരിച്ചിരിക്കുന്നു. കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം, ക്ഷേത്ര ട്രസ്റ്റിൻ്റെയും, ഭക്തജനങ്ങളുടെയും നിസ്വാർത്ഥമായ സഹകരണം കൊണ്ട് ഭാഗികമായി പുനരുദ്ധരിച്ചു കൂടുതൽ മനോഹരവും ഭക്തി സാന്ദ്രവുമാക്കിയിരിക്കുന്നു.
അഷ്ടമിരോഹിണി (ശ്രീകൃഷ്ണ ജയന്തി), കുചേല ദിനം, വിഷു, വിദ്യാരംഭം, ഏകാദശി, മണ്ഡലക്കാലം എന്നിവയാണ് ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ. പാല് പായസം, വെണ്ണ, ഉണ്ണിയപ്പം, പഞ്ചസാര, ലഡ്ഡു, കദളിപ്പഴം, അവിൽ, തൃമധുരം, എന്നിവ കൃഷ്ണൻ്റെ ഇഷ്ട വഴിപാടുകളാണ്. നെയ്യ് വിളക്ക് രാജഗോപാല മന്ത്ര പുഷ്പാഞ്ജലി, പുരുഷ സൂക്ത പുഷ്പാഞ്ജലി, മഞ്ഞപ്പട്ട് ചാർത്തൽ എന്നിവയാണ് മറ്റ് വഴിപാടുകൾ. ശ്രീകൃഷ്ണൻ്റെ പ്രിയപ്പെട്ട പുഷ്പങ്ങൾ നീലശംഖ് പുഷ്പവും കൃഷ്ണതുളസിയുമാണ്.