സഭാപതി ദക്ഷിണാമൂർത്തി എന്നത് 'സഭയുടെ നാഥൻ' (സഭാപതി) എന്നും 'പ്രപഞ്ചഗുരു' (ദക്ഷിണാമൂർത്തി) എന്നും അറിയപ്പെടുന്ന ഭഗവാൻ ശിവൻ്റെ രൂപത്തെ സൂചിപ്പിക്കുന്നു. ഈ സംയുക്ത ഭാവത്തിൽ, ശിവൻ പ്രപഞ്ചത്തിന്മേലുള്ള പരമോന്നത അധികാരത്തെയും അറിവിൻ്റെയും ജ്ഞാനത്തിൻ്റെയും ആത്യന്തിക ഉറവിടത്തെയും പ്രതിനിധീകരിക്കുന്നു എന്നതാണ് വിശ്വാസം.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ കിഴക്കേനടയ്ക്കു നേരെ എതിരെയുള്ള പാത ഒരു നേർരേഖയായി നാഞ്ചിനാട്ടിലേക്ക് (കന്യാകുമാരി) പോകുന്നു. ആ തെരുവിന് ഒരു അഗ്രഹാരത്തിൻ്റെ രൂപവും ഘടനയും ഉണ്ട്. അതിലൊന്നാണ് സഭാപതി തെരുവ്. സഭാപതി തെരുവും വാണിയംകുളവും, ചാല തെരുവുകളുടെ കേന്ദ്രം കൂടിയാണ്. സഭാപതി ദക്ഷിണാമൂർത്തി ക്ഷേത്രത്തിൻ്റെ സാന്നിധ്യമാണ് ഇതിനു പിന്നിൽ. നടരാജമൂർത്തിയാണ് പ്രതിഷ്ഠ.
advertisement
അനേകം ക്ഷേത്രങ്ങളിലേക്കും, മറ്റ് ആവശ്യങ്ങൾക്കുമായി പൂക്കച്ചവടം നടത്തി വന്നവരായിരുന്നു ഇവിടെ താമസിച്ചിരുന്ന പ്രത്യേകിച്ച് തിരുവിതാംകോട്, തക്കല പ്രദേശങ്ങളിലുള്ളവർ. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂക്കൾ ഒരുകാലത്ത് ഇവിടെനിന്നാണ് എത്തിച്ചു കൊടുത്തിരുന്നത്. പൂക്കൾ നനയ്ക്കാനുള്ള വിശാലമായ കുളവും ഇവിടെ ഉണ്ടായിരുന്നു. ഇവിടത്തെ കച്ചവടക്കാരിൽ അധികവും നാഞ്ചിനാട്ടിലുൾപ്പെട്ടവരായിരുന്നു.
അവരുടെ ആരാധനക്കായി നിർമ്മിച്ച ക്ഷേത്രമാണ് സഭാപതി ക്ഷേത്രമെന്നാണ് പറയപ്പെടുന്നത്. തമിഴ് നാട്ടിലെ ചിദംബരത്തെ സങ്കൽപമാണ് ഇവിടെയുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രമാണിത്.