തൊഴിൽ, താമസം, ആരോഗ്യം, സുരക്ഷ തുടങ്ങി സ്ത്രീകൾ ആഗ്രഹിക്കുന്ന എല്ലാ മേഖലകളെയും കോർത്തിണക്കിക്കൊണ്ടുള്ള ഒരു വലിയ മാറ്റത്തിനാണ് നഗരം സാക്ഷ്യം വഹിക്കുന്നത്. സംരംഭകരാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പലപ്പോഴും തടസ്സമാകുന്നത് സ്വന്തമായൊരു ഓഫീസ് സ്പേസ് ഇല്ലാത്തതാണ്. ഈ പ്രശ്നത്തിന് പരിഹാരമായാണ് നഗരസഭ 'ഷീ ഹബ്ബുകൾ' ഒരുക്കിയിരിക്കുന്നത്. വെറുമൊരു കെട്ടിടം എന്നതിലുപരി, ആധുനിക രീതിയിൽ ഫർണിഷ് ചെയ്ത, ശീതീകരിച്ച കോൺഫറൻസ് ഹാളും കമ്പ്യൂട്ടറും വൈഫൈയും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. നഗരത്തിലെത്തുന്ന വനിതകൾക്ക് തികച്ചും സ്വതന്ത്രവും സുരക്ഷിതവുമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു വർക്കിംഗ് സ്പേസ് ആണിത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനേക്കാൾ പ്രൊഫഷണലായ ഒരു അന്തരീക്ഷം നൽകിക്കൊണ്ട് സ്ത്രീ സംരംഭകരെ കൈപിടിച്ചുയർത്തുകയാണ് ഷീ ഹബ്ബ് ചെയ്യുന്നത്.
advertisement
ജോലിക്കായോ മറ്റ് ആവശ്യങ്ങൾക്കായോ നഗരത്തിൽ എത്തുന്ന സ്ത്രീകൾ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി സുരക്ഷിതമായ താമസ സൌകര്യമാണ്. ഇതിനും നഗരസഭ കൃത്യമായ മറുപടി നൽകുന്നു. നഗരത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇപ്പോൾ 'ഷീ സ്പേസുകൾ' സജീവമാണ്. ഐടി ഹബ്ബായ കഴക്കൂട്ടം, ഓവർ ബ്രിഡ്ജ്, വഞ്ചിയൂർ എന്നിവിടങ്ങളിലായി ഷീ സ്പേസുകളും ഷീ ലോഡ്ജുകളും വനിതാ ഹോസ്റ്റലുകളും പ്രവർത്തിക്കുന്നു. എസി, നോൺ എസി റൂമുകളും ഡോർമെറ്ററികളും മിതമായ നിരക്കിൽ ലഭ്യമാകുന്നതോടെ നഗരത്തിൽ തങ്ങാൻ സ്ത്രീകൾക്ക് ഇനി ആശങ്കപ്പെടേണ്ടതില്ല.
ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ് കഴക്കൂട്ടത്തെ ദാക്ഷായണി വേലായുധൻ മെമ്മോറിയൽ ഷീ സ്പേസ്. ഇന്ത്യയിലെ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആദ്യ ബിരുദധാരിയും ഭരണഘടനാ നിർമ്മാണ സഭയിൽ അംഗവുമായിരുന്ന ദാക്ഷായണി വേലായുധൻ്റെ സ്മരണാർത്ഥം കേരളത്തിൽ നിലവിലുള്ള ഏക സ്ഥാപനമാണിത്. ചരിത്രത്തോടുള്ള ആദരവും സ്ത്രീ സുരക്ഷയും ഒരേസമയം ഇവിടെ സംഗമിക്കുന്നു.
തൊഴിലിനും താമസത്തിനുമൊപ്പം സ്ത്രീകളുടെ ആരോഗ്യത്തിനും നഗരസഭ മുൻഗണന നൽകുന്നുണ്ട്. ആറ്റുകാൽ വാർഡിൽ സ്ത്രീകൾക്ക് മാത്രമായി ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച 'ഷീ ജിം' ഇതിനൊരു ഉദാഹരണമാണ്. സ്വകാര്യത ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വ്യായാമം ചെയ്യുന്നതിനായി ഇവിടം പ്രയോജനപ്പെടുത്താം. ചുരുക്കത്തിൽ, തൊഴിലിടം മുതൽ വിശ്രമ കേന്ദ്രങ്ങൾ വരെ ഒരുക്കി തിരുവനന്തപുരം ഒരു 'ഷീ നഗരമായി' മാറുകയാണ്.
