ക്ഷേത്രത്തിൽ ശിവനെയും കൃഷ്ണനെയും രണ്ട് വ്യത്യസ്ത ശ്രീകോവിലുകളിലായി തുല്യപ്രാധാന്യത്തോടെ ആരാധിക്കുന്നു. ഈ രണ്ട് പ്രധാന പ്രതിഷ്ഠകൾക്കും പ്രത്യേകം ധ്വജപ്രതിഷ്ഠകൾ (കൊടിമരങ്ങൾ) ഉണ്ട് എന്നതും ക്ഷേത്രത്തിൻ്റെ പ്രാധാന്യം വിളിച്ചോതുന്നു. ആണ്ടുതോറുമുള്ള രോഹിണി അത്തം ഉത്സവം ആണ് ശിവകൃഷ്ണപുരം ക്ഷേത്രത്തിലെ പ്രധാന ആഘോഷം. മകരമാസത്തിൽ 11 ദിവസങ്ങളിലായാണ് ഈ ഉത്സവം ഭക്തിയുടെയും ചൈതന്യത്തിൻ്റെയും നിറവിൽ കൊണ്ടാടുന്നത്. ഉത്സവത്തിൻ്റെ ഭാഗമായി, രണ്ട് ക്ഷേത്രങ്ങളിലും ഒരേദിവസം തന്നെയാണ് തൃക്കൊടികൾ (കൊടിയേറ്റ്) കയറുന്നത്. ഉത്സവദിവസങ്ങളിലെ ദീപാലങ്കാരവും പുഷ്പാലങ്കാരവും ഭക്തർക്ക് നയനമനോഹരമായ കാഴ്ചയൊരുക്കുന്നു. ഈ ദിനങ്ങളിൽ ക്ഷേത്രത്തിൽ വിപുലമായ പൂജകളും ആചാരങ്ങളും നടക്കുന്നു.
advertisement
ഹരിനാമകീർത്തനം, ലളിതാസഹസ്ര നാമം, ജ്ഞാനപ്പാന, ശിവപുരാണം, ഭാഗവതപാരായണം തുടങ്ങിയ പാരായണങ്ങൾ പ്രധാനമാണ്. കൂടാതെ, ലക്ഷ്മിനാരായണപൂജ, മഹാസുദർശനഹോമം, കളഭാഭിഷേകം, ഭസ്മാഭിഷേകം, മഹാമൃത്യുഞ്ജയഹോമം തുടങ്ങിയ വിശേഷാൽ പൂജകളും ഹോമങ്ങളും ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ക്ഷേത്രത്തിൻ്റെ ഭരണകാര്യങ്ങൾ നിലവിൽ ശിവകൃഷ്ണപുരം ക്ഷേത്രം ട്രസ്റ്റാണ് കാര്യക്ഷമമായി നിർവ്വഹിക്കുന്നത്.

