ശിവാംശമായ മാടൻ തമ്പുരാനും യക്ഷിയമ്മയും മേൽക്കൂരയില്ലാത്ത ശ്രീകോവിലിൽ കുടികൊള്ളുന്നു. ഉപദേവതകളായി മന്ത്രമൂർത്തി, യോഗീശ്വരമൂർത്തി, ഗണപതി, നാഗദേവതകൾ എന്നിവരെയും ആരാധിക്കുന്നു. കാശിക്ക് തുല്യമായ രീതിയിൽ ആചാരാനുഷ്ടാനങ്ങൾ ചെയ്യാൻ സാഹചര്യമുള്ള ഒരു വിശേഷ ആരാധനാലയം കൂടിയാണിത്. കിള്ളിയാറിന് തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ ആദ്യകാലത്ത് ലളിതമായ രീതിയിലാണ് ആരാധന തുടങ്ങിയത്. കാലക്രമേണ ഭക്തരുടെ സഹകരണത്തോടെ ക്ഷേത്രം പുനരുദ്ധരിക്കുകയും നിത്യപൂജ ആരംഭിക്കുകയും ചെയ്തു.
ആണ്ടുതോറുമുള്ള ആടിചൊവ്വ മഹോത്സവം കർക്കിടക മാസത്തിലും, എട്ടാം കൊട മഹോത്സവം മീനമാസത്തിലുമാണ് ആഘോഷിക്കുന്നത്. വാർഷിക മഹോത്സവത്തിനോടനുബന്ധിച്ച് കാപ്പ്കെട്ടി കുടിയിരുത്തൽ, പൊങ്കാല, ദിക്കുബലി, ഉച്ചക്കൊട, പൂപ്പട, മഞ്ഞപ്പാൽ നീരാട്ട്, ഊര്ചുറ്റ് തുടങ്ങിയ വിശേഷാൽ ചടങ്ങുകൾ നടത്താറുണ്ട്. കൂടാതെ, എല്ലാ വർഷവും കർക്കിടകവാവ് ദിനത്തിൽ ക്ഷേത്രത്തിന് മുൻപിലുള്ള കിള്ളിയാറിൻ തീരത്ത് പിതൃതർപ്പണ ചടങ്ങുകൾ നടത്താറുണ്ട്. ശ്രീറാം പോറ്റിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ നാടിൻ്റെ നാനാഭാഗത്തുനിന്നും അനേകം ഭക്തരാണ് എത്തിച്ചേരുന്നത്.
advertisement