ആദിപരാശക്തിയുടെ രൗദ്രഭാവമായ ഭദ്രകാളി ദേവിക്കാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. വളരെ ശാന്തവും സുന്ദരവുമായ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രാങ്കണം അതിൻ്റെ പൗരാണികത നിലനിർത്തിക്കൊണ്ട് മനോഹരമായി സംരക്ഷിച്ചുപോരുന്നു. നിത്യേനയുള്ള ആരാധനകൾക്കും, ദേവിയുടെ ദിവ്യദർശനം നേടുന്നതിനും അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനുമായി ജാതിമതഭേദമില്ലാതെ അനേകം ഭക്തർ ഇവിടെയെത്തുന്നു. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തവുമായ ചടങ്ങ് 'കാളിയൂട്ട് മഹോത്സവം' ആണ്.
മീനം/മേടം മാസത്തിൽ ഏഴു ദിവസങ്ങളിലായാണ് ഈ അനുഷ്ഠാനകലാരൂപം ക്ഷേത്രത്തിൽ അരങ്ങേറുന്നത്. കാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് 'കാളിനാടകം' എന്നും അറിയപ്പെടുന്ന കാളിയൂട്ടിൻ്റെ ഇതിവൃത്തം. സാധാരണയായി ക്ഷേത്രമതിൽക്കെട്ടിനകത്താണ് ഈ അനുഷ്ഠാനം നടത്താറ്. ഏഴുദിവസം നീണ്ടുനിൽക്കുന്ന കാളിയൂട്ട് മഹോത്സവത്തിലെ പ്രധാന ചടങ്ങുകൾ ഇവയാണ്: വെള്ളാട്ടം കളി, കുരുത്തോലയാട്ടം, നാരദൻ പുറപ്പാട്, നായർ പുറപ്പാട്, ഐരാണി പുറപ്പാട്, കണിയാരു പുറപ്പാട്, പുലയർ പുറപ്പാട്, മുടിയുഴിച്ചിൽ, നിലത്തിൽ പോര്.
advertisement
ഈ ചടങ്ങുകൾ ഓരോന്നും പശുവെണ്ണറ ക്ഷേത്രത്തിലെ കാളിയൂട്ടിനെ ദൃശ്യവിസ്മയവും ആചാരപ്പെരുമയുമുള്ള ഒരുത്സവമായി മാറ്റുന്നു. ഭദ്രകാളി ദേവിയുടെ അനുഗ്രഹത്തിനായി ആയിരക്കണക്കിന് ഭക്തരാണ് എല്ലാ വർഷവും ഈ മഹോത്സവത്തിനായി കീഴാറൂർ കുറ്റിയാനിക്കാട് ഗ്രാമത്തിലേക്ക് എത്തുന്നത്.
