ധർമ്മശാസ്താവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. എല്ലാ ദേവതകളുടെയും ദൈവിക സാന്നിധ്യം ഇവിടത്തെ പ്രതിഷ്ഠയിൽ ഉണ്ടെന്നാണ് വിശ്വാസം. ഇടതു കാലും വലതു കാലും മടക്കി ചമ്രം പിടിഞ്ഞിരുന്ന് ഇടതു കൈ ഇടത് കാൽ മുട്ടിൽ വിശ്രമിക്കുന്ന രീതിയിൽ ശാന്തമായി ഇരുന്ന് വലതു കൈയിൽ അമൃത കലശം ഏന്തിയ ഇവിടത്തെ ശാസ്താ വിഗ്രഹം പ്രശസ്തമാണ്. വിശ്വാസത്തിൻ്റെയും, പൂജാവിധികളുടെയും, ഭക്തി നിർഭരമായ സംയോജനത്താൽ അനുഗ്രഹീതമായൊരു തീർത്ഥാടന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം.
ക്ഷേത്രത്തിൽ ശ്രീ ധർമ്മശാസ്‌താവിൻ്റെ ജന്മദിനമായ ഉത്രം നാളിലാണ് ആണ്ടുതോറുമുള്ള പൈങ്കുനി ഉത്രമഹോത്സവം 3 ദിവസങ്ങളിലായി ആഘോഷിക്കുന്നത്. ശനിദോഷ നിവാരണത്തിനായും പാപപരിഹാര്‍ത്ഥമായും ഉത്സവത്തോടനുബന്ധിച്ച് എള്ള് പായസ പൊങ്കാല നടത്തിവരുന്നു. അരിയും ശര്‍ക്കരയും തേങ്ങയും ഉപയോഗിച്ച് തയ്യാറാക്കുന്ന ചെറുപായസം ഇവിടുത്തെ ഒരു പ്രത്യേകതയാണ്.
advertisement
ശാസ്‌താപ്രീതിക്കായി, ശനിദോഷ നിവാരണത്തിനായി എള്ള്‌തിരി കത്തിക്കുന്നത് ഇവിടുത്തെ വളരെ വിശേഷപ്പെട്ട വഴിപാടാണ്. ശനിദേവൻ്റെ ധാന്യമാണ് എള്ള്. ശില്പിയും ചുവർചിത്ര കലാകാരനായ കല്ലമ്പലം മധു ലാൽ ശാർക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വരച്ച മനോഹരമായ ചുവർചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്.