ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ജനുവരി 14, ബുധനാഴ്ച ഉച്ചയ്ക്ക് 4 മണി മുതൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കിഴക്കേക്കോട്ട, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും നിയന്ത്രണങ്ങൾ ഉണ്ടാവുക.
തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പടിഞ്ഞാറേകോട്ട, എസ് പി ഫോർട്ട്, ഗണപതികോവിൽ, നോർത്ത് നട ഭാഗങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള വാഹന ഗതാഗതം പൂർണ്ണമായും തടയും. ഈഞ്ചക്കൽ ഭാഗത്തുനിന്ന് കിഴക്കേക്കോട്ടയിലേക്ക് പോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഈഞ്ചക്കൽ- കൊത്തളം- അട്ടകുളങ്ങര വഴി പോകണം.
advertisement
ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലും മിത്രാനന്ദപുരം, പടിഞ്ഞാറേ കോട്ട, ഈഞ്ചക്കൽ, അട്ടക്കുളങ്ങര തുടങ്ങിയ പ്രധാന പാതകളിലും യാതൊരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. ഭക്തരുമായി വരുന്ന വലിയ വാഹനങ്ങൾ വെട്ടിമുറിച്ചകോട്ടയോ ഈഞ്ചക്കലോ ആളുകളെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
ചെറിയ വാഹനങ്ങൾ ഈസ്റ്റ് ഫോർട്ട് ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലികുളം ഗ്രൗണ്ട്, ചാല സ്കൂളുകൾ, അട്ടക്കുളങ്ങര സ്കൂൾ, ഐരാണിമുട്ടം ഹോമിയോ കോളജ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. ക്ഷേത്ര ട്രസ്റ്റ് പാസ് ഉള്ളവർ നിർദിഷ്ട സ്ഥലങ്ങളിൽ തന്നെ വാഹനങ്ങൾ നിർത്തണം.
