പ്ലാസ്റ്റിക്കിന് വിഘടനം സംഭവിച്ചുണ്ടാകുന്ന അദൃശ്യ ധൂളികളായ മൈക്രോ പ്ലാസ്റ്റിക്കുകൾ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ചുള്ള പഠനം ആയിരുന്നു ഇത്തവണത്തെ വിഷയം. പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ടുമായാണ് സംഘം കാട്ടാക്കട എംഎൽഎ കൂടിയായ ഐബി സതീഷിനെ സന്ദർശിച്ചത്. ടീച്ചറും ഹെഡ്മിസ്ട്രസ് സുനിഷ എസ് എൻ, സുജിത് പി.എസ്. എന്നിവരും വിദ്യാർത്ഥികളായ അക്ഷര (9B), ശ്രീനന്ദ പിഎസ് (10 B) എന്നിവരുമാണ് പരിസ്ഥിതിക്ക് ഏറെ ദോഷവും മനുഷ്യന് തന്നെ ഹാനികരവുമായ പ്ലാസ്റ്റിക്കിൻ്റെ സാന്നിധ്യത്തെ പറ്റിയുള്ള പഠന റിപ്പോർട്ട് കൈമാറിയത്.
advertisement
കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന 'കാർബൺ ന്യൂട്രൽ കാട്ടാക്കട' പദ്ധതിയാണ് മൈക്രോ പ്ളാസ്റ്റിക്കുകളെക്കുറിച്ചുള്ള പഠനത്തിന് പ്രചോദനമായത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കുട്ടികളുടെ പഠന റിപ്പോർട്ടിലുണ്ടായിരുന്നത്. പ്ലാസ്റ്റിക് പൊടിഞ്ഞുണ്ടാകുന്ന അതിസൂക്ഷ്മമായ കഷ്ണങ്ങളാണ് (ഒരു മൈക്രോൺ മുതൽ അഞ്ച് മില്ലിമീറ്റർ വരെ) മൈക്രോപ്ലാസ്റ്റിക്സ്. കുടിവെള്ള - ശീതള പാനീയക്കുപ്പികൾ, മീൻ വലകൾ, പ്ലാസ്റ്റിക് കവറുകൾ, മൈക്രോവേവ് അടുപ്പിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങി വാഹനങ്ങളുടെ ടയറുകൾ റോഡിലുരയുമ്പോൾ വരെ പ്ലാസ്റ്റിക് കണികകൾ പ്രകൃതിയിലെത്തുന്നു. വെള്ളം കുടിക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും ഇവ മനുഷ്യൻ ഉൾപ്പടെയുള്ള എല്ലാ ജീവികളുടെ ശരീരത്തിലും എത്തുന്നുണ്ട്.
മനുഷ്യരക്തത്തിലും മുലപ്പാലിലും വൃഷണങ്ങളിലും വരെ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വാഷിംഗ് മെഷീനിൽ തുണിയലക്കുമ്പോൾ ഓരോ തുണിയിൽ നിന്നും ശരാശരി 1900 മൈക്രോ പ്ലാസ്റ്റിക് നാരുകൾ ഉണ്ടാകുന്നു എന്നാണ് കണക്ക്. ഫേസ് വാഷുകളും സ്ക്രബുകളും ഉൾപ്പടെയുള്ള പല കോസ്മെറ്റിക് ഉത്പന്നങ്ങളിലും മൃതകോശങ്ങളെ ഉരച്ച് നീക്കം ചെയ്യാനായി മുത്തുപോലുള്ള മൈക്രോപ്ലാസ്റ്റിക് കണികകളാണ് ഉൾപ്പെടുത്തുന്നത്. ഇവ നേരിട്ട് വെള്ളത്തിലെത്തുന്നു.
വിളവൂർക്കൽ പഞ്ചായത്തിലെ പഠനം നടത്തിയ മൂന്ന് വാർഡുകളിലെയും കിണർജലത്തിലും പൈപ്പ് ജലത്തിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. പഞ്ചായത്തിലെ കടകളിൽ സുലഭമായി ലഭിക്കുന്ന മിനറൽ വാട്ടറിലും മൈക്രോപ്ലാസ്റ്റിക് കാണാൻ കഴിഞ്ഞുവെന്ന ജലപരിശോധനാഫലങ്ങൾ വലിയൊരു അപകട സൂചനയാണ്. ഉരുളക്കിഴങ്ങ്, കാരറ്റ് തുടങ്ങി പരിശോധിച്ച എല്ലാ സാമ്പിളുകളിലും മൈക്രോ പ്ളാസ്റ്റിക്കിൻ്റെ പ്രകടമായ സാന്നിധ്യം കണ്ടെത്തി. ഇത് ഇൻഫ്ളമേറ്ററി ഡിസീസ്, കുടലിലെ മുഴകൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഭാവി തലമുറയെപ്പോലും ബാധിക്കുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്നമാണ് ഈ കുട്ടികൾ പൊതുസമൂഹത്തിനു മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്.
