പഴയ തിരുവിതാംകൂറിൻ്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരത്തുവെച്ചാണ് തിരുവിതാംകൂർ കരസേന രൂപം കൊണ്ടത്. അതിലെ അംഗങ്ങൾ ആരാധിച്ചുപോന്ന വിഗ്രഹം അവരുടെ പരദേവതയായി മാറി. തിരുവിതാംകൂറിൻ്റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോൾ കരസേനയുടെ ആസ്ഥാനവും ഇവിടേക്ക് മാറ്റി. തുടർന്ന് ഗണപതി വിഗ്രഹം അവരുടെ ക്യാമ്പിനടുത്ത് പ്രതിഷ്ഠിച്ച് ആരാധിച്ചുപോന്നു. അങ്ങനെ പണികഴിപ്പിച്ച ക്ഷേത്രങ്ങളിലൊന്നാണ് പാളയത്തെ ഈ ക്ഷേത്രം.
തിരുവിതാംകൂർ സൈന്യത്തിലെ ഒരു സൈനികന് പുഴയിൽ നിന്ന് കിട്ടിയതെന്ന് പറയപ്പെടുന്ന വിഗ്രഹമാണ് പിൽക്കാലത്ത് ഇവിടെ പ്രതിഷ്ഠിച്ചത് എന്നും കഥയുണ്ട്. ചതുർബാഹുവായ വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ മഴുവാണ്. പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്. വഴിപാടുകളും ആഘോഷങ്ങളും നാളികേരമുടയ്ക്കലാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്.
advertisement
അപ്പം, അട, മോദകം, ഗണപതി ഹോമം, കറുകമാല തുടങ്ങിയവയാണ് മറ്റ് പ്രധാന വഴിപാടുകൾ. പാളയം ശ്രീ ശക്തി വിനായക ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം വിനായക ചതുർത്ഥിയാണ്. ചിങ്ങത്തിലെ വെളുത്തപക്ഷത്തിൽ വരുന്ന ചതുർത്ഥി നാളിലാണ് വിനായക ചതുർഥി ആഘോഷിക്കുന്നത്. ക്ഷേത്രത്തിൻ്റെ പ്രവേശനഗോപുരം അടുത്തിടെയാണ് പുനർ നിർമ്മിച്ചത്. പാളയത്തെ മുസ്ലിം പള്ളിയോട് ചേർന്ന് ക്രിസ്ത്യൻ പള്ളിക്ക് സമീപമായുള്ള ഗണപതി ക്ഷേത്രം സോഷ്യൽ മീഡിയയിലും തരംഗമായിരുന്നു.
