പത്മനാഭ ദാസനായി ജീവിച്ച ആ രാജാവിൻ്റെ ജീവിതത്തിലെ ഏറ്റവും ഭക്തിനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത് ഈ അമ്പാരിമുഖപ്പാണ്. ഇവിടെ ഇരുന്നാൽ ഇഷ്ടദേവനായ പത്മനാഭസ്വാമിയുടെ ക്ഷേത്രം വ്യക്തമായി ദൃശ്യമാകും. ക്ഷേത്രത്തിൻ്റെ സാമീപ്യം നൽകിയ ആത്മീയമായ ഊർജ്ജവും, ഈ മുഖപ്പിലെ ഏകാന്തതയും സ്വാതി തിരുനാളിന് സംഗീതസൃഷ്ടിക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കി.
ഭക്തിയായിരുന്നു അദ്ദേഹത്തിൻ്റെ സംഗീതത്തിൻ്റെ അടിസ്ഥാനശില. ആ ഭാവം ഏറ്റവും കൂടുതൽ നിറഞ്ഞുനിന്നത് ഈ പവിത്രമായ ഇടത്തിൽ വെച്ചായിരുന്നു. രാജ്യഭരണത്തിൻ്റെ തിരക്കുകൾക്കിടയിൽ മനസ്സിന് ശാന്തത തേടിയെത്തിയ ഈ ഏകാന്ത സങ്കേതത്തിൽ വെച്ചാണ്, അദ്ദേഹത്തിൻ്റെ അനശ്വരങ്ങളായ അഞ്ഞൂറിലധികം കീർത്തനങ്ങളിൽ പലതും രാഗങ്ങളോടും ഭാവങ്ങളോടും ചേർന്ന് അനശ്വരമായ ഈരടികളായി രൂപം കൊണ്ടത്.
advertisement
സ്വാതി തിരുനാളിൻ്റെ സംഗീതത്തിലെ ലാളിത്യവും പ്രൗഢിയും, ഈ മുഖപ്പിൽ ഇരുന്നുള്ള ഭഗവദ് ദർശനത്തിൽ നിന്ന് ലഭിച്ച ഭക്തിയുടെ വിശുദ്ധിയിൽ നിന്ന് ഉയിർക്കൊണ്ടതാണ്. അതുകൊണ്ടുതന്നെ, ഇന്നും കുതിരമാളികയിലെ ഈ അമ്പാരിമുഖപ്പ്, കാലം മായ്ക്കാത്ത സംഗീതത്തിൻ്റെ ഈണങ്ങൾ തങ്ങിനിൽക്കുന്ന ഒരു പുണ്യസ്ഥലമായി നിലകൊള്ളുന്നു.