സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ശ്രീകോവിലോ വലിയ ക്ഷേത്ര സമുച്ചയങ്ങളോ ഇല്ലാത്ത ആരാധനാ രീതിയാണ് ഇവിടെയുള്ളത്. പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ആൽത്തറകളും കാവും ചേരുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കൽപം. ആൽത്തറയിൽ കുടികൊള്ളുന്ന ഭഗവാനെ ദർശിക്കാൻ നിരവധി ഭക്തരാണ് എത്തുന്നത്. നമ്മുടെ ശരീരം തന്നെയാണ് ക്ഷേത്രമെന്നും അതിനുള്ളിലെ ജീവൻ സദാശിവനാണെന്നുമുള്ള തന്ത്രശാസ്ത്ര തത്വങ്ങളെ (ദേഹോ ദേവാലയ പ്രോക്തോ ജീവോ ദേവ സനാതന:) അന്വർത്ഥമാക്കുന്നതാണ് ഈ പുണ്യകേന്ദ്രം.
ഐതിഹ്യങ്ങൾ പ്രകാരം, പാർവ്വതി ദേവിയുടെ ആഗ്രഹപ്രകാരം കൈലാസത്തിലെ ആയിരം കാൽ മണ്ഡപത്തിൽ പ്രദോഷ നൃത്തത്തിനിടെ മുപ്പത്തിരണ്ടാമത്തെ ശിലാസ്തംഭത്തിനടുത്ത് പഞ്ചാക്ഷരി മന്ത്രം ജപിച്ചപ്പോൾ ഉത്ഭവിച്ച തേജസ്വിയായ പുത്രനാണ് മാടൻ തമ്പുരാൻ. ക്ഷേത്രത്തിൽ കുംഭമാസത്തിൽ ഏഴു ദിവസങ്ങളിലായാണ് കൊടുതി മഹോത്സവം ആഘോഷിക്കുന്നത്. വിവിധ കലാസാംസ്കാരിക പരിപാടികൾ, സമൂഹസദ്യ, അന്നദാനം, ഉത്സവ ഘോഷയാത്ര, മൃത്യുഞ്ജയഹോമം, ഗണപതിഹോമം, വിശേഷാൽ പൂജകൾ എന്നിവ ഉത്സവത്തിൻ്റെ ഭാഗമായി നടക്കും. മണമ്പൂർ തോരിയോട്ട് മാടൻ നട ക്ഷേത്രം ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ഉത്സവ പരിപാടികൾ ഏകോപിപ്പിക്കുന്നത്.
advertisement
